ലഖ്‌നൗ- കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ ആളെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന എട്ടു തൊഴിലാളികള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ അമേഠിയിലാണ് ദാരുണ സംഭവം. പ്രതാപ്ഗഢ് സ്വദേശിയായ തൊഴിലാളി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മദ്യഷാപ്പില്‍ കയറിയതായിരുന്നു. ഇവിടെ വച്ച് മദ്യപിച്ച മറ്റൊരാളുമായി വാഗ്വാദമുണ്ടായി. തൊഴിലാളികള്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനിടെ കൊല്ലപ്പെട്ട തൊഴിലാളിയെ കൂടെയുള്ളവര്‍ അവരുടെ വണ്ടിയിലേക്ക് തള്ളിക്കയറ്റുന്നത് ദൂരെ നിന്ന് കണ്ട ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ച് ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റ് അവശനായി നിലത്തു വീണു കിടക്കുന്ന തൊഴിലാളിയേയും ചുറ്റും കൂടി നിന്ന് ആക്രോശിക്കുന്ന ആള്‍ക്കൂട്ടവും ഒരു ദൃക്‌സാക്ഷി പകര്‍ത്തിയ വിഡിയോയിലൂടെ പുറത്തു വന്നു. മറ്റൊരു വിഡിയോയില്‍ നാലു പോലീസുകാര്‍ ചേര്‍ന്ന് കയ്യിലും കാലിലും തൂക്കിപ്പിടിച്ച് പാടത്തിലൂടെ മര്‍ദനമേറ്റയാളെ ചുമന്ന് കൊണ്ടു വരുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന് വ്യാജ പ്രചരണം ഈയിടെയായി യുപിയില്‍ വ്യാപകമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം വ്യാജ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ചുരുങ്ങിയത് അമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവയില്‍ ഒന്നില്‍ പോലും സത്യമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.