Sorry, you need to enable JavaScript to visit this website.

ബിസിനസ് പൊളിഞ്ഞെങ്കിലും ആഢംബര ജീവിതം; വിമാനത്തില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- വിമാനത്തില്‍ സഹയാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച് ആഢംബര ജീവിതം നയിച്ചു പോന്ന യുവാവിനെ ദല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ വസ്ത്ര കയറ്റുമതി ബിസിനസ് ദക്ഷിണ കൊറിയയില്‍ നിന്നും മലേഷ്യയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 37കാരനായ രാജേഷ് കപൂര്‍ നിരന്തരം വിമാന യാത്രകള്‍ നടത്തി മോഷണം പതിവാക്കിയതെനന് പോലീസ് പറയുന്നു. ആഢംബരത്തിന് എളുപ്പത്തില്‍ പണം കണ്ടെത്താനായിരുന്നു ഇത്. വ്യാജ പേരും യാത്രാ രേഖകളും ഉപയോഗിച്ചായിരുന്നു ഇയാളുടെ വിമാന യാത്രകള്‍. 

വ്യാഴാഴ്ച ദല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കു തിരിച്ചു നടത്തിയ വിമാന യാത്രയിലാണ് രാജേഷ് പിടിയിലായത്. സചിന്‍ ഗുപ്ത എന്ന പേരിലായിരുന്നു യാത്ര ചെയ്തിരുന്നത്. സംശയകരമായി തോന്നിയതിനെ തുടര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. മോഷണ ശ്രമങ്ങളെ തുടര്‍ന്ന് വിസ്താരയും ഇന്‍ഡിഗോയും രാജേഷിനെ നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്തിലെ മോഷണത്തിന് 2007ലും രാജേഷ് പിടിയിലായിട്ടുണ്ട്. 

പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മോഷണം നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു. മൊത്തം 11 കേസുകള്‍ രാജേഷിനെതിരെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവയില്‍ ചിലത് ന്യൂദല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.

വിമാനത്തിലെ ക്യാബില്‍ വച്ച സഹയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രാജേഷ് വ്യാഴാഴ്ച പിടിയിലായത്. സംഭവം ജീവനക്കാരിയുടെ കണ്ണില്‍പ്പെടുകയായിരുന്നു. 12ാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള രാജേഷ് കഴിഞ്ഞ രണ്ടു വര്‍ഷമായി സിംഗപൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞിരുന്നത്.
 

Latest News