ആഗോള വ്യവസായ പ്രമുഖനായ ബിൽഗേറ്റ്‌സ് ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വെയ്റ്ററസിന് 10 ഡോളർ ടിപ് നൽകിയ ഒരു കഥയുണ്ട്. നിങ്ങളുടെ മകൾ ഇവിടെ വന്ന് ഡിന്നർ കഴിച്ച് പോകുമ്പോൾ എനിക്ക് 100 ഡോളറാണ് തരുന്നതെന്ന് ബിൽഗേറ്റ്‌സിനോട് പറഞ്ഞ വെയ്റ്ററസിന് അദ്ദേഹം നൽകിയ മറുപടി 'അതവൾ ബിൽഗേറ്റ്‌സിന്റെ' മകളായത് കൊണ്ടാണെന്നായിരുന്നു 'എന്നാൽ ഒരു മരം വെട്ടുകാരന്റെ മകനായ എനിക്ക് ' 10 ഡോളറാണ് തരാൻ സാധിക്കുന്നത് എന്ന രസകരമായ ഒരു വിശദീകരണവും അദ്ദേഹം വെയ്റ്ററസിന് നൽകി. നമുക്ക് ചുറ്റും ജീവിക്കുന്ന പലരും കഥയിൽ പറഞ്ഞ ബിൽഗേറ്റ്‌സിന്റെ മകളെപ്പോലെയാണ്. അനാവശ്യമായി കണക്കുക്കൂട്ടലുകളില്ലാതെ പണം ചെലവഴിക്കും. പണം തികയാതെ വരുമ്പോൾ കടമെടുത്തും പലിശക്കെടുത്തും വീണ്ടും ചെലവാക്കുന്നു. ഒടുവിൽ സാമ്പത്തിക ഭദ്രത തന്നെ തകർന്ന് ആശങ്കപ്പെടുന്നു. പണം ചെലവഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചാൽ സമ്പത്ത് ചോരാതെ നോക്കാനാവുമെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം. അനാവശ്യ ചെലവുകൾ ഒഴിവാക്കി, വിനിയോഗിക്കേണ്ട മേഖലകളിൽ വിനിയോഗിച്ചുകൊണ്ട് സമ്പത്ത് വർധിപ്പിക്കാൻ സാധിക്കും. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിൽ പോലും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കിയാൽ നല്ലൊരു തുക മിച്ചം പിടിക്കാനാവും.
പണം ചോരുന്ന വഴികൾ കണ്ടെത്തുക
ചെലവു ചുരുക്കി പണം മിച്ചം പിടിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ പണം ചോരുന്ന വഴികൾ കണ്ടെത്താൻ ശ്രമിക്കണം. കുറേശ്ശെയാണെങ്കിലും പണം ചോരുന്ന വഴികൾ കണ്ടെത്തി അടക്കണം.
സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഷോപ്പിംഗിന് പോകുന്നവർ അത്യാവശ്യമല്ലാത്ത പല സാധനങ്ങളും വാങ്ങിക്കൂട്ടാറുണ്ട്. ഇവയിൽ പലതും കാഴ്ചയിലെ ഭംഗി കൊണ്ടോ, പരസ്യ വാചകം കണ്ടിട്ടോ വാങ്ങിക്കുന്നതാണ്. പല തരം ഹോം അപ്ലയൻസസുകളും വീട്ടുപകരണങ്ങളും എക്‌സസൈസ് മെഷീനുകളും ആളുകൾ വാങ്ങിക്കൂട്ടുന്നത് അവയുടെ ഉപയോഗം അറിഞ്ഞിട്ടോ പഠിച്ചിട്ടോ അല്ല എന്നതാണ് വസ്തുത. വാങ്ങിക്കേണ്ട സാധനങ്ങളുടെ പട്ടികയുമായി മാർക്കറ്റിൽ പോകുന്നതായിരുന്നു പഴയ രീതിയെങ്കിൽ ഇന്ന് പലരും ഹൈപ്പർ മാർക്കറ്റുകളിലെത്തി ഓഫറുകൾക്കനുസരിച്ച് സാധനങ്ങൾ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ വലിയൊരു കവർ നിറയെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങളുമായി വീട്ടിലെത്തും.
ചെലവു ചുരുക്കാനുള്ള എളുപ്പ വഴികൾ
ആധുനിക ജീവിത സാഹചര്യങ്ങളിൽ ചെലവു ചുരുക്കാനുള്ള പല സൗകര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അനാവശ്യ ഷോപ്പിംഗ്, ബോറഡി മാറ്റാനുള്ള പണച്ചെലവ്് തുടങ്ങിയവക്ക് കടിഞ്ഞാടാൻ മോഡേണായി ജീവിക്കാൻ ശ്രമിച്ചാൽ മാത്രം മതി.
ഓൺലൈനാവുക
ദൈനംദിന ജീവിതത്തിലെ ചെലവു കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിന്ന് ഓൺലൈൻ ഇടപാടുകൾ. പച്ചക്കറി മുതൽ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾ വരെ ഓൺലൈനായി വാങ്ങിക്കാൻ അവസരമുണ്ട്.
പല സാധനങ്ങളും ഇടനിലക്കാരില്ലാതെ കമ്പനികളിൽ നിന്ന് നേരിട്ട് ലഭിക്കാനും ഓൺലൈൻ ഷോപ്പിംഗ് സഹായിക്കും. ഷോപ്പിംഗിന് പുറമെ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രകൾ നടത്താനും ടാക്‌സി ബുക്ക് ചെയ്യാനും ഹോട്ടൽ റൂം ബുക്ക് ചെയ്യാനുമൊക്കെ ഓൺലൈൻ സൗകര്യങ്ങളുണ്ട്. ഇടപാട് നടത്തുന്നതിന് മുമ്പ് വ്യാജന്മാരുടെ കയ്യിൽ പെടാതിരിക്കാൻ വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തണമെന്ന് മാത്രം.
അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കുക
വരുമാനത്തിന് അനുസരിച്ച് ജീവിക്കുക എന്നത് ലളിതമായ പാഠമാണ്. വീടു പണിയുമ്പോഴും വാഹനം വാങ്ങിക്കുമ്പോഴും മക്കളെ സ്‌കൂളിൽ ചേർക്കുമ്പോഴും സ്വന്തം സാഹചര്യവും വരുമാനവും അറിഞ്ഞായിരിക്കണം കാര്യങ്ങൾ ചെയ്യുന്നത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിക്കുന്നവർ ധാരാളം പണം അനാവശ്യമായി ചെലവഴിക്കേണ്ടി വരും. ആഡംബരം ഒഴിവാക്കി നാം ആയിരിക്കുന്ന അവസ്ഥയിൽ ജീവിക്കുന്നത് പോക്കറ്റ് ചോരാതിരിക്കാനും ഭാവി ജീവിതം ഭദ്രമാക്കാനും ഉപകരിക്കും.
യാത്ര ചെയ്യുമ്പോഴും പണം സമ്പാദിക്കാം
കുറച്ച് ദൂരം മാത്രമാണ് പോകാനുള്ളതെങ്കിൽ നടക്കാം. ടൂ വീലറിലോ ബസിലോ പോകാൻ പറ്റാവുന്ന ദൂരത്തിലേക്ക് പോകുന്നവർ കാറെടുക്കാതിരിക്കുക. വിമാന യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് പണം ലാഭിക്കാനവസരമുണ്ട്. ബസിൽ പോകാവുന്നിടത്തേക്ക് ടാക്‌സിയിൽ യാത്ര ചെയ്യാതിരിക്കുക.
ചികിത്സച്ചെലവ് ലാഭിക്കാം
അപ്രതീക്ഷിതമായ ആശുപത്രി ചെലവുകളാണ് ഇന്ന് പലരുടെയും ബജറ്റിനെ താളം തെറ്റിക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് ആശുപത്രി ചെലവുകൾ കുറയ്ക്കാൻ സഹായിക്കും. മെഡിക്ലെയിം പോളിസികൾ എടുത്താൽ ആശുപത്രി ചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഴി ലഭ്യമാക്കാവുന്നതാണ്. നല്ല കമ്പനികളും നല്ല പോളിസികളും പഠിച്ചതിന് ശേഷം അനുയോജ്യമായ പോളിസികൾ തെരഞ്ഞെടുക്കുക
ആസൂത്രണം
അൽപമൊന്ന് ശ്രദ്ധിക്കുകയും ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാവുകയും ചെലവ് കുറഞ്ഞതായി മാറുകയും ചെയ്യും. ഇതിന് കൃത്യമായ ആസൂത്രണം മാത്രമാണ് ഉണ്ടാവേണ്ടത്. ഏതു കാര്യവും ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം എളുപ്പമായ രീതിയിൽ മാത്രം ചെയ്തു തീർക്കാൻ ശ്രമിക്കുക. ആകുലതകളെ അകറ്റി ജീവിതത്തിലെ സന്തോഷം നിലനിർത്താൻ ഇതു സഹായിക്കും.