ലഖ്നൗ- മുന്‍ ബിജെപി എം പിയും സുകദേവാനന്ദ പിജി കോളജ് മേധാവിയുമായ സ്വാമി ചിന്മയാനന്ദയ്ക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ശേഷം കാണാതായ നിയമവിദ്യാര്‍ഥിനിയെ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ നിന്നും കാണാതായ 23 കാരിയായ നിയമ വിദ്യാർത്ഥിനിയെയാണ് ആറു ദിവസത്തിന് ശേഷം രാജസ്ഥാനിൽ നിന്നും സുഹൃത്തിനോടൊപ്പം കണ്ടെത്തിയത്. നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. എ ബി വാജ്പേയി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദ ബി ജെ പി യുടെ പ്രമുഖ നേതാവ് കൂടിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നു ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയിലാണ് നടപടി. ചിന്മയാനന്ദ മേധാവിയായ സുകദേവാനന്ദ പിജി കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടി തന്നെയും സഹപാഠികളെയും ചിന്മയാനന്ദ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. താനും കുടുംബവും ഭീഷണിയിലാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ കാണാതായിരുന്നത്.
തന്റെയും നിരവധി പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ത്ത ഇയാള്‍ ഇപ്പോള്‍ തന്നെ കൊല്ലുമെന്നു ഭീഷണി ഉയര്‍ത്തിയതായും പെണ്‍കുട്ടി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇത് ഗൂഢാലോചനയാണെന്നാണ് ചിന്മയാനന്ദയുടെ വാദം. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് തനിക്കൊരു അജ്ഞാത നമ്പരില്‍ നിന്ന് സന്ദേശമെത്തിയതായി ചിന്മയാനന്ദ പറഞ്ഞിരുന്നു. ഈ പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം വ്യാപകമാക്കിയതോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയ വാർത്ത പുറത്ത് വരുന്നത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ സുരക്ഷയില്‍ ഒരു പറ്റം അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ആര് ബാനുമതി അധ്യക്ഷയായ ബെഞ്ച് പെണ്‍കുട്ടിയെ ഹാജരാക്കാൻ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമായിരിക്കും പെൺകുട്ടിയെ വീട്ടിലേക്കയക്കുക. ഉന്നത ബി ജെ പി എം എൽ എ കുൽദീപ് സിങ് സെൻഗാർ പ്രതിയായ ഉന്നാവോ കേസിന്റെ സ്ഥിതിയാകുമോയെന്ന ആശങ്കയാണ് അഭിഭാഷകർ പങ്കു വെച്ചത്. തന്റെ മകളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. മകളെ കാണുന്നത് വരെ ഒന്നും പറയാനാകില്ലെന്നും അഞ്ച് ദിവസമായി കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് താനും കുടുംബവും കടന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.
72 കാരനായ ചിന്മയാനന്ദ സ്വാമിക്ക് ഷാജഹാൻപൂരിൽ വിശാലമായ ഒരു ആശ്രമവും നഗരത്തിൽ അഞ്ചു കോളേജ് പ്രവർത്തിക്കുന്നുമുണ്ട്. ഷാജഹാൻപൂരിൽ കൂടാതെ ഹരിദ്വാറിലും ആശ്രമം നടത്തുന്നുണ്ട്. ആശ്രമങ്ങളുടെ പുറത്തുള്ള പോസ്റ്ററുകളിൽ യോഗി ആദിത്യ നാഥ് പോലെയുള്ള മുതിർന്ന ബി ജെ പി നേതാക്കളോടൊപ്പമുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്.