ഗുവാഹത്തി- അസമില്‍ അന്തിമ ദേശീയ പൗരത്വ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി പുറത്തുവിടുന്ന പട്ടിക രാവിലെ 10 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. അസമിലെ 41 ലക്ഷം പേരെ പുറത്തു നിര്‍ത്തി കരടു പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് നാളെ അന്തിമ പട്ടിക പുറത്തു വിടുന്നത്. ജമ്മു കശ്മീര്‍ നടപടിക്കു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. അന്തിമ പൗരത്വ പട്ടികയില്‍ പേരില്ലാത്തവരെ എല്ലാ നിയമ വഴികളും അടയുന്നതു വരെ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാം. ഇതിനുള്ള സമയ പരിധി രണ്ടു മാസത്തില്‍ നിന്ന് നാലു മാസമാക്കി നീട്ടിയിട്ടുണ്ട്.
അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്ന പശ്ചാത്തലത്തില്‍ അസമില്‍ സുരക്ഷ ശക്തമാക്കി. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തുടനീളം പൊതുസ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അധികമായി 20,000 അര്‍ധസൈനികരെ കേന്ദ്രം അസമില്‍ വിന്യസിച്ചിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ അപ്പീലുകള്‍ പരിഗണിക്കുന്നതിന് ചുരുങ്ങിയത് ആയിരം ട്രൈബ്യൂണലുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. 100 ട്രൈബ്യുണലുകള്‍ സ്ഥാപിച്ചു. സെപ്തംബര്‍ ആദ്യ ആഴ്ചയോടെ 200 ട്രൈബ്യൂണലുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ട്രൈബ്യൂണലില്‍ കേസ് പരാജയപ്പെട്ടാല്‍ ഹൈക്കോടതിയേയും തുടര്‍ന്ന് സുപ്രീം കോടതിയേയും സമീപിക്കാം. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ നിയമ വഴികള്‍ നിലനില്‍ക്കെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പിടിച്ചിടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.