എയര്‍ ഇന്ത്യയില്‍ കത്തിയും മുള്ളും മാറുന്നു; പ്ലാസ്റ്റിക് ബോട്ടിലുകളും ഒഴിവാക്കുന്നു

മുംബൈ- സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉപയോഗം എയര്‍ ഇന്ത്യ വിമാനങ്ങളില്‍  നിര്‍ത്തലാക്കുന്നു. പകരം പരിസ്ഥിതി സൗഹൃദ പേപ്പറും മരം കൊണ്ടുള്ള കത്തിയും മുള്ളും മറ്റും  ഉപയോഗിക്കുമെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു.  കേന്ദ്ര സര്‍ക്കാരിന്റെ  ക്ലീന്‍ ഇന്ത്യ പദ്ധതി കണക്കിലെടുത്താണ് കടക്കെണിയിലാണെങ്കിലും ഇയര്‍ ഇന്ത്യയുടെ തീരുമാനം.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ നിര്‍മാര്‍ജനം ചെയ്യുകയെന്നത്  പ്രധാന ലക്ഷ്യമാക്കണമെന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടി ന് ഈ രംഗത്ത് വലിയ ചുവടുവെപ്പ് നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
200 മില്ലി ശേഷിയുള്ള വാട്ടര്‍ ബോട്ടിലുകള്‍ക്ക് പകരം 1,500 മില്ലി വലിയ പാത്രങ്ങള്‍  ഉപയോഗിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കായ പൗച്ചുകളും കത്തി, മുള്ള് തുടങ്ങിയ കട്ട്‌ലറികളും  ഒക്ടോബര്‍ രണ്ട് മുതല്‍ രണ്ട് ഘട്ടങ്ങളിലായി വിമാനങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും പകരം പേപ്പര്‍ അല്ലെങ്കില്‍ മരം ഉപയോഗിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ സര്‍വീസുകളിലെ എല്ലാ വിമാനങ്ങളിലും ഇത് നടപ്പാക്കുമെന്ന് എയര്‍ലൈന്‍ വക്താവ് ധനഞ്ജയ് കുമാര്‍  പറഞ്ഞു.
എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും രണ്ടാം ഘട്ടത്തിലാണ് നടപ്പിലാക്കുക.  
 ബോധവല്‍ക്കരണം, സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ശേഖരണം,  പുനരുപയോഗം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള കാമ്പയിന്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി  പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം 10 വര്‍ഷം ഉപയോഗിക്കാവുന്ന തുണി ബാഗുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഷോപ്പുടമകളോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍  പ്രതിവര്‍ഷം 5.6 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കളായ ബാഗുകള്‍, കട്‌ലറി, കപ്പുകള്‍, കുപ്പികള്‍ എന്നിവ ഉപയോഗിക്കുന്നത് മുംബൈയില്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ 2009 ല്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുകയും പിന്നീട് അത് എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗിലേക്കും സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.
എന്നാല്‍ രണ്ട് നഗരങ്ങളിലും നിരോധനം പ്രാബല്യത്തിലുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗം മുറപോലെ നടക്കുന്നു. 21ാം നൂറ്റാണ്ടില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് സ്ഥാനമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റേത്  സ്വാഗതാര്‍ഹമായ നടപടിയാണെന്നും മുംബൈ ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ അഫ്രോസ് ഷാ റഞ്ഞു.
നമ്മുടെ സമുദ്രജീവികളേയും പരിസ്ഥിതിയെയും രക്ഷിക്കാനുള്ള നീക്കം ഫലപ്രദാമായി നടപ്പിലാക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News