ന്യൂദൽഹി- ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് നീക്കങ്ങൾക്കെതിരെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ഇന്ത്യയെ ആക്രമിച്ചാൽ ഒരിക്കലും മറക്കാനാവാത്ത തിരിച്ചടിയായിരിക്കും നൽകുകയെന്നും ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെയും ഇന്ത്യ അക്രമിക്കാന്‍ പോകുകയില്ല. എന്നാൽ, ആരെങ്കിലും തങ്ങളെ അക്രമിക്കാന്‍ വരികയാണെങ്കില്‍ ഒരിക്കലും മറക്കാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം ഞങ്ങൾക്കില്ല, എന്നാല്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവരും ഇടപെടരുത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അവിടെ പിന്നെ ചർച്ചയുടെ ആവശ്യകതയെന്താണെന്നും അദ്ദേഹം ചോദിച്ചു.