ന്യൂദൽഹി- കോക്‌പിറ്റിൽ പുക ഉയർന്നതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഹൈദരാബാദ് വിമാനത്താവളത്തിലാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലെ എക്‌സോസ്റ്റ് ഫാനിൽ നിന്നാണ് പുക ഉയർന്നതെന്ന് വിമാന കമ്പനി വൃത്തങ്ങൾ പിന്നീട് വെളിപ്പെടുത്തി. ദൽഹിയിൽ നിന്നുള്ള A320 നിയോ വിമാനമാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. അടിയന്തിര ലാൻഡിങ്ങിനു ശേഷം നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ എഞ്ചിനടക്കം മുഴുവൻ സംവിധാനങ്ങളും സുരക്ഷിതമാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. പുക ഉയരാനുള്ള യഥാർത്ഥ കാരണം തിരിച്ചറിഞ്ഞെന്നും തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ വിമാനം സർവ്വീസ് തുടരുമെന്നും കമ്പനി അറിയിച്ചു.