ന്യൂദൽഹി- സവർക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മർദിക്കണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. സവർക്കറിൽ വിശ്വസിക്കാത്തവർ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ സവർക്കറുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ പ്രയത്നവും തിരിച്ചറിയായാത്തവരാണ്. മുമ്പ് രാഹുല്‍ഗാന്ധി പോലും അദ്ദേഹത്തെ അപമാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൽഹി യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത് ക്യാമ്പസില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു നേതാക്കള്‍ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്താവന.
സർവ്വകലാശാലയിൽ സവർക്കറുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചിരുന്നത്. എൻ എസ് യു ഐ ക്ക് പുറമെ എ ഐ എസ് എ യും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവ്വരോടൊപ്പമാണ് എ ബി വി പി സവർക്കറുടെ പ്രതിമയും സ്ഥാപിച്ചിരുന്നത്. നേരത്തെ മഹാരാഷ്ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവീസും സവർക്കറെ ഉന്നതനായി പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിൽ സവർക്കറുടെ കുടുംബം ചെയ്ത ത്യാഗങ്ങൾ താരതമ്യപ്പെടുത്താനാവാത്തതാണെന്നും അദ്ദേഹത്തിന്റെ ബഹുമാനം എക്കാലത്തും നിലനിർത്തണമെന്നുമാണ് മഹാരാഷ്ട്ര മുഖ്യ മന്ത്രി പ്രസ്താവിച്ചിരുന്നത്.