മിര്‍സാപുര്‍- ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണമായി നൽകിയത് ഉപ്പും റൊട്ടിയും. കേന്ദ്രസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി പ്രകാരമാണ് ചപ്പാത്തിയും ഉപ്പും മാത്രം നല്‍കിയത്. സംഭവം വിവാദമായതോടെ തലയൂരാനായി ചുമതലക്കാരിയായ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയില്‍ സ്കൂള്‍ കുട്ടികള്‍ക്കാണ് ഉച്ച ഭക്ഷണമായി റൊട്ടിയും ഉപ്പും നൽകിയത്. സര്‍ക്കാര്‍ സ്കൂളിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും ചപ്പാത്തിയും കഴിക്കാന്‍ കൊടുത്തത്.
വിവാദമായ വീഡിയോയിൽ സ്കൂള്‍ വരാന്തയില്‍ നിരന്നിരിക്കുന്ന കുട്ടികള്‍ യാതൊരു കറികളും ഇല്ലാതെ ചപ്പാത്തി ഉപ്പില്‍ മുക്കി കഴിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചില ദിവസങ്ങളില്‍ ചോറും ഉപ്പും മാത്രം നല്‍കാറുള്ളതായും വിവരമുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസവമെങ്കിലും ആഹാരം നല്‍കുകയും വേണം. ഈ നിര്‍ദേശങ്ങളെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും മാത്രം നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്സൈറ്റിലെ വിവരമനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. ചില ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണം. എന്നാല്‍ ഇതൊന്നും കുട്ടികള്‍ക്കു കിട്ടാറില്ലെന്ന് നാട്ടുകാരും പറയുന്നു. വല്ലപ്പോഴും മാത്രമാണ് പാല് എത്തുന്നത്. അത് എല്ലാ കുട്ടികള്‍ക്കും കിട്ടാറുമില്ല. വാഴപ്പഴത്തിന്റെ അവസ്ഥയും ഇതുതന്നെയാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിനെതിരെ കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്കാ ഗാന്ധി ശക്തിയായി പ്രതിഷേധിച്ചു. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്. സർക്കാർ സൗകര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, കുട്ടികളോടുള്ള അത്തരം നിലപാടുകൾ വളരെ അപലപനീയമാണെന്ന് ഇവർ ട്വിറ്ററിൽ കുറിച്ചു. കുട്ടികൾക്ക് ഉപ്പു കൂട്ടി റൊട്ടി തിന്നുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.