നോയിഡ- വിശന്നു കരഞ്ഞ കുഞ്ഞിന് ഭക്ഷണം കൊടുക്കാനില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്ന് മൃതശരീരം ചാക്കിൽ ഒളിപ്പിച്ചു. നോയിഡയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ യുവതിയെയും ഭർത്താവിനെയും പോലീസ് അറസ്‌റ്റു ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കുട്ടിയെ ചാണക കൂമ്പാരത്തിനിടക്കാണ് ചാക്കിലാക്കി ഒളിപ്പിച്ചിരുന്നത്. നോയിഡയിലെ ഗോപാൽഗർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ഹേമ ഭർത്താവ് റോത്താഷ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‍തത്. ഇവരെയുടെ മകൻ എട്ടു മാസം പ്രായമുള്ള ദീപകിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് പോലീസ് യുവതിയെ അറസ്‌റ്റ് ചെയ്തത്.
തുടക്കത്തിൽ കുടുംബത്തോടും പോലീസിനോടും കട്ടിലിൽ നിന്നും താഴെ വീണാണ് മരണം സംഭവിച്ചതെന്നാണ് യുവതി മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിശന്നു കരഞ്ഞ കുഞ്ഞിന് ഭക്ഷണം നൽകാൻ തന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ലെന്നും ഇതിലെ മനോ വിഷമത്തിലാണ് ഇക്കഴിഞ്ഞ പതിനൊന്നിന് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് യുവതി മൊഴി നൽകിയത്. ഭർത്താവ് ജോലിക്ക് പോകുന്നില്ലെന്നും അതിനാൽ കുഞ്ഞിന്റെ ഭക്ഷണ കാര്യത്തിൽ ഏറെ വിഷമം സഹിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ കാര്യത്തിൽ ഭർത്താവ് സംശയിക്കുകയും തന്റെ കുഞ്ഞല്ലെന്നു ഭർത്താവ് ഇടയ്ക്കിടെ പറയുന്നതിൽ അതീവ ദുഖിതയായിരുന്നുവെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ഭർത്താവിന്റെ മൂത്ത സഹോദരനുമായി യുവതിക്ക് ബന്ധമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ സംശയം.