ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ വലിയ നേട്ടങ്ങളുടെ ഉടമയാകുകയാണ് സംയുക്ത മേനോൻ. തീവണ്ടിയിൽ ടൊവിനോയുടെ നായികയായി ശ്രദ്ധേയയായ ഈ പാലക്കാട്ടുകാരി കൽക്കിയിലൂടെ വീണ്ടുമെത്തുകയാണ്. ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് സംയുക്ത എത്തുന്നത്. പ്രതിനായകന്റെ സഹോദരിയായ ഡോ. സംഗീത എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.
പ്രവീൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന കൽക്കിയിൽ നഞ്ചൻകോട് എന്ന തമിഴ് പട്ടണത്തിൽ നടക്കുന്ന അതിക്രമങ്ങളുടെ കഥയാണ് പറയുന്നത്. അമർനാഥ് എന്ന ക്രൂരനായ രാഷ്ട്രീയക്കാരന്റെ നെറികേടുകളിൽ പൊറുതിമുട്ടി ആ ഗ്രാമത്തിൽനിന്നും പലായനം ചെയ്യുന്ന പാവങ്ങൾ. സ്ഥലം എസ്.ഐയായി പുതിയൊരു ചെറുപ്പക്കാരനെത്തുന്നതോടെ സംഭവം മാറിമറിയുന്നു. പലായനം ചെയ്തവരെ തിരിച്ചെത്തിക്കാനും ആ നാട്ടിൽ നടക്കുന്ന ക്രൂരതകളെ തടയാനും അദ്ദേഹത്തിന് കഴിയുന്നു. അമർനാഥിന്റെ കൊലപാതകത്തിലൂടെ ആ നാട്ടിൽ സമാധാനം തിരിച്ചുകിട്ടുകയാണ്.
'ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് മോഹമുണ്ടായിരുന്നു. എന്നാൽ കഥാപാത്രം ശക്തമാകണമെന്നുമുണ്ടായിരുന്നു. ഡോ. സംഗീത എന്ന കഥാപാത്രം തേടിയെത്തിയപ്പോൾ വളരെ താൽപര്യം തോന്നി. പോരാത്തതിന് തീവണ്ടിയിലെ പല കഥാപാത്രങ്ങളും കൽക്കിയിലുമുണ്ടായിരുന്നു. സംവിധായകൻ പോലും തീവണ്ടിയുടെ സഹസംവിധായകനായിരുന്നു. അതുകൊണ്ടു തന്നെ മറ്റൊന്നും ആലോചിച്ചില്ല' -സംഗീത പറയുന്നു.
മലയാളത്തിലെ മുൻനിര നായികമാരിലേയ്ക്കുയരുന്ന സംയുക്ത പോപ്പ്‌കോൺ എന്ന ചിത്രത്തിൽ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. പിന്നീട് ലില്ലി എന്ന ചിത്രത്തിൽ വേഷമിട്ടെങ്കിലും ആദ്യം തിയേറ്ററിലെത്തിയത് തീവണ്ടിയായിരുന്നു. തീവണ്ടിയിലെ 'ജീവാംശമായ്...' എന്ന ഗാനത്തിനു തന്നെ വലിയ ജനപിന്തുണയാണ് ലഭിച്ചത്.
തീവണ്ടിയിലെ ദേവിയും ലില്ലിയിലെ ലില്ലിയും രണ്ടു തരം കഥാപാത്രങ്ങളായിരുന്നു. ലില്ലിക്കു വേണ്ടി ഏറെ മുന്നൊരുക്കങ്ങൾ വേണ്ടിയിരുന്നു. എന്നാൽ ദേവി വളരെ സിമ്പിളായ കഥാപാത്രമായിരുന്നു. കൂടുതൽ മേക്കപ്പൊന്നുമില്ലാതെ ലളിതമായ വസ്ത്രധാരണമായിരുന്നു ദേവിയുടെ പ്ലസ് പോയന്റ്.
ഒരു നടിയാകുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സംയുക്ത വളരെ ആകസ്മികമായാണ് സിനിമയിലെത്തിപ്പെടുന്നത്. ഒരു വനിതാ മാഗസിനിൽ വന്ന ഫോട്ടോ ഷൂട്ടാണ് നിമിത്തമായത്. പിന്നീട് മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മോഡലിംഗാണ് സിനിമയിലേയ്ക്ക് വഴികാട്ടിയായത്.
തീവണ്ടിക്കു ശേഷം സംയുക്ത തമിഴകത്തേയ്ക്കാണ് കടന്നത്. കിരൺ ചന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത കളരിയായിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ തേൻമൊഴി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തുടർന്ന് ജൂലൈ കാട്രിൽ എന്ന ചിത്രത്തിലും വേഷമിട്ടു. കെ.സി. സുന്ദരം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അനന്ത്‌നാഗും അഞ്ജു കുര്യനുമാണ് നായികാനായകന്മാരാകുന്നത്. ചിത്രത്തിൽ രേവതി എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.
തമിഴകത്തുനിന്നും മലയാളത്തിൽ വീണ്ടുമെത്തിയ സംയുക്ത ഒരു യമണ്ടൻ പ്രേമകഥയിലെ ജെസ്‌നയായും ഉയരെ എന്ന ചിത്രത്തിലെ ടെസ്സയായും മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിൽ അതിഥി വേഷത്തിലുമെത്തി.
കൽക്കിയുടെ സെറ്റിൽനിന്നും നേരെയെത്തിയത് ടൊവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയനിലായിരുന്നു. സ്വപ്‌നേഷ് കെ.നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തീവണ്ടിയിലെ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണിത്. കൽക്കിയുടെ സെറ്റിൽനിന്നും എല്ലാവരും പിരിയുമ്പോൾ വേദന തോന്നിയിരുന്നു. പരസ്പരം നല്ല സഹകരണമായിരുന്നു അവിടെ കിട്ടിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് എടക്കാട് ബറ്റാലിയന്റെ സെറ്റിലെത്തിയപ്പോൾ ആ വിഷമം മാറി. അവിടെയും ടൊവിനോയും ടീമും നല്ല വരവേൽപാണ് ഒരുക്കിയത്. ചിത്രത്തിൽ നൈന ഫാത്തിമ എന്ന മലബാറിലെ ഒരു മുസ്‌ലിം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അണ്ടർ വേൾഡ് എന്നൊരു ചിത്രത്തിലും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തു പറയാറായിട്ടില്ല.
കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിൽ പ്രത്യേക മാനദണ്ഡമൊന്നും പുലർത്താറില്ലെന്നും സംയുക്ത കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ പ്രതിബിംബമാണ് സിനിമ. ഫാന്റസി കലർന്ന കൊമേഴ്‌സ്യൽ ചിത്രങ്ങളും പുറത്തിറങ്ങാറുണ്ട്. യഥാർത്ഥ ജീവിതവുമായി ഏറെ അടുപ്പമുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ് അടുത്ത കാലത്തായി പുറത്തിറങ്ങുന്നത്. അവയിലെ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവരാണ്. ഇവർക്കിടയിൽ നല്ലവരും മോശപ്പെട്ടവരുമുണ്ടാകാം. കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ വ്യതിയാനമുണ്ടാകാം. അവയെല്ലാം തികച്ചും വ്യക്തിപരമാണ്. ന്യൂനതകൾ കണ്ടെത്താനുള്ള കഴിവാണ് നമുക്കു വേണ്ടത്. അതിനു വേണ്ട എല്ലാ സാധ്യതകളും നമുക്കു മുന്നിലുണ്ട്. കഥാപാത്രത്തിന്റെ ഗുണങ്ങൾ കണ്ടറിഞ്ഞ് അത് ജീവിതത്തിൽ പകർത്തുന്നതിൽ തെറ്റില്ല. സിനിമയിൽനിന്നു മാത്രമല്ല, വായനയിലൂടെയും നാടകക്കാഴ്ചകളിലൂടെയുമെല്ലാം ഇവ സ്വായത്തമാക്കാനാവും.
ആദ്യ രണ്ടു ചിത്രങ്ങളിൽ നിന്നു ലഭിച്ചതും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ്. ലില്ലി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ എങ്ങനെ തരണം ചെയ്യാമെന്നാണ് പഠിപ്പിച്ചത്. തീവണ്ടിയിലെ ദേവിയാകട്ടെ മാനസികമായി പക്വതയാർജിച്ച പെൺകുട്ടിയാണ്. യാതൊരു അളവുകോലുമില്ലാതെ തന്റെ കാമുകനെ ആത്മാർത്ഥമായി സ്‌നേഹിക്കുകയാണവൾ. ഇത്തരം നല്ല വശങ്ങൾ ജീവിതത്തിൽ പകർത്താവുന്നതാണ്.
സിനിമയിലേയ്ക്കു കടന്നുവന്നപ്പോൾ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നുരണ്ടു ചിത്രങ്ങൾ വിജയിച്ചപ്പോൾ എല്ലാവരും പിന്തുണച്ചു.
മുത്തശ്ശനായിരുന്നു എപ്പോഴും കൂടെ നിന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ മറ്റൊരു മേഖല കൂടി കരുതിവെയ്ക്കണമെന്ന് എല്ലാവരും ഉപദേശിക്കുമായിരുന്നു. എന്നാൽ അതിനോട് യോജിപ്പില്ല. ഏതു കാര്യത്തിലും റിസ്‌ക് എടുക്കുമ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. അവിചാരിതമായാണ് സിനിമയിലെത്തിയതെങ്കിലും പിന്നീട് സിനിമ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിയുകയായിരുന്നു. അതിന് പ്രധാന കാരണം ലില്ലി എന്ന ചിത്രമായിരുന്നു. ലില്ലിയെ അവതരിപ്പിച്ചതിനു ശേഷം സിനിമയെ വല്ലാതെ പ്രണയിച്ചു പോയി. അതാണ് ഇവിടെ വരെ എത്തിച്ചത് -സംയുക്ത പറഞ്ഞുനിർത്തുന്നു.