വാഷിംഗ്ടണ്‍- കശ്മീരിലെ സ്ഥിതി സ്ഫോടനാത്മകവും സങ്കീര്‍ണവുമാണെന്നും മാധ്യസ്ഥം വഹിച്ചോ അല്ലാതെയോ സംഘര്‍ഷം കുറയ്ക്കാന്‍ സാധ്യമായത് ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കശ്മീര്‍ പ്രശ്നം മേഖലയിലെ മതപരമായ ഭിന്നതകളുടെ വിഷയം കൂടിയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെട്ട സങ്കീര്‍ണ പ്രശ്നമാണ് കശ്മീരിലേതെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു.
എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, മധ്യസ്ഥത വഹിക്കാനാകും, മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലീംകളുമാണ്. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്-ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. പ്രകോപനമുണ്ടാക്കരുതെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടെന്നാ ട്രംപിന്റെ പരാമര്‍ശം നേരത്തെ ഇന്ത്യ നിഷേധിച്ചിരുന്നു.