ന്യൂദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്ന് എല്‍ ആന്റ് ടി ചെയര്‍മാന്‍ എ.എം.നായിക്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിച്ചിട്ടില്ലെന്നും ഉല്‍പന്നങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നതിന് പകരം കമ്പനികള്‍ ഇറക്കുമതി ചെയ്യാനാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ പോര്‍ട്ടല്‍ ലൈവ് മിന്റിനു നല്‍കിയ അഭിമുഖത്തിലാണ് തൊഴില്‍ നൈപുണ്യ വികസന കോര്‍പറേഷന്‍ മേധാവി കൂടിയായ എ.എം.നായികിന്റെ പ്രതികരണം.
പദ്ധതിക്ക് കീഴില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മൂലധന നിക്ഷേപങ്ങളും ഉല്‍പാദനവും കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. വിദഗ്ധ തൊഴിലാളികളും ലഭ്യമായ തൊഴിലവസരങ്ങളും തമ്മില്‍ പൊരുത്തക്കേടാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാന്‍ അധികൃതര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം.
ആഗോളതലത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധം വലിയ അവസരമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ കഴിയണം. നിലവില്‍ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ മാത്രമാണ് ഈ അവസരം നല്ല രീതിയില്‍ ഉപയോഗിക്കുന്നത്. വിദേശനിക്ഷേപം കൂട്ടാനും വ്യാപാര അനുകൂല സാഹചര്യം സൃഷ്ടിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും എ.എം.നായിക് ആവശ്യപ്പെട്ടു.