ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പ് ഈയിടെ അവതരിപ്പിച്ച, ഉപയോക്താക്കള്‍ കാത്തിരുന്ന പ്രധാന നാലു ഫീച്ചറുകളെ പരിചയപ്പെടാം. ഏതാനും മാസങ്ങളായി പരീക്ഷണാര്‍ത്ഥം റിലീസ്് ചെയ്ത പുതിയ അപ്‌ഡേറ്റുകളില്‍ ചിലതാണ് ഈയിടെ വാട്‌സാപ്പ് പൂര്‍ണ തോതില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കളിലെത്തിച്ചിരിക്കുന്നത്. പ്രൈവസിയുമായി ബന്ധപ്പെട്ടവയാണ് ഇവയില്‍ പ്രധാനം. സ്പാമുകള്‍ക്കും, ആര്‍ക്കും ആരേ വേണമെങ്കിലും ഗ്രൂപ്പുകളില്‍ ചേര്‍ക്കാമായിരുന്ന സൗകര്യത്തിനും പുതിയ അപ്‌ഡേറ്റിലൂടെ വാട്്‌സാപ്പ് കടിഞ്ഞാണിട്ടിരിക്കുന്നു. പുതിയ ഫീച്ചറുകളിലൂടെ...
ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍
വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ ശല്യങ്ങളിലൊന്നായിരിക്കും ഗ്രൂപ്പുകള്‍. ഇതിനൊരു പരിഹാരമായാണ് പുതിയ ഫീച്ചര്‍. അറിയാത്തവര്‍ പോലും നമ്മെ പിടിച്ചു പുതിയ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അതിനി നടക്കില്ല എന്നതാണ് ഇതിന്റെ സവിശേഷത. ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ നമ്മുടെ കോണ്ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമാണോ അതോ എല്ലാവര്‍ക്കും അനുമതി നല്‍കണോ എന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം. ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതില്‍ നിന്ന് എല്ലാവരേയും വേണമെങ്കില്‍ വിലക്കുകയും ചെയ്യാം. ഈ ഫീച്ചറില്‍ ഇഷ്ടമുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് ഇന്‍വിറ്റേഷനാണ് ലഭിക്കുക. വേണമെങ്കില്‍ സ്വീകരിക്കാം. ഇല്ലെങ്കില്‍ 72 മണിക്കൂറിനു ശേഷം ഇതു അസാധുവായി പോകും.
ഫ്രിക്വന്റ്‌ലി ഫോര്‍വാഡഡ്
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തുരുതുരെ ഫോര്‍വാഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന 'ഫ്രീക്വന്റ്‌ലി ഫോര്‍വാഡഡ്' എന്ന ടാഗ് ആഴ്ചകള്‍ക്കു മുമ്പാണ് വാട്‌സാപ്പ് ഔദ്യോഗികമാക്കി മാറ്റിയത്. അഞ്ചിലേറെ തവണ ഫോര്‍വാഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കൊപ്പമാണ് ഈ ടാഗ് പ്രത്യക്ഷപ്പെടുക. വാട്‌സാപ്പിലെ വലിയൊരു തലവേദനയായ സ്പാമുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഈ ടൂള്‍.
വോയ്‌സ് മെസേജുകള്‍ തുടര്‍ച്ചയായി കേള്‍ക്കാം
മറ്റു ഫീച്ചറുകളെ പോലെ തന്നെ അധികമാരും അറിയാതെ എന്നാല്‍ എല്ലാവരും ശ്രദ്ധിച്ച ഒരു മാറ്റമായിരിക്കും ഇത്. തുടര്‍ച്ചയായി അയക്കുന്ന വോയ്‌സ് മെസേജുകള്‍ ഇനി ഓരോന്ന് പ്രത്യേകം തുറന്ന് കേള്‍ക്കേണ്ടതില്ല. ഒന്നു പ്ലേ ചെയ്താല്‍ തുടര്‍ച്ചയായി വരുന്ന ബാക്കി എല്ലാ വോയ്‌സുകളും സ്വമേധയാ പ്ലേ ആകും. അടുത്ത വോയ്‌സാണെന്ന് പ്ലേ ചെയ്യുന്നതെന്ന് സൂചിപ്പിക്കാനായി തുടക്കത്തില്‍ ഒരു മണിയടി ശബ്ദം കേള്‍ക്കാം.
ഫിങ്കര്‍ പ്രിന്റ് അണ്‍ലോക്ക്
നേരത്തെ ഐഒഎസില്‍ മാത്രം നല്‍കിയിരുന്ന ഈ ഫീച്ചര്‍ ഈയിടെയാണ് വാട്‌സാപ്പ് ആന്‍ഡ്രോയ്ഡിലും അവതരിപ്പിച്ചത്. വിരലടയാളം ഉപയോഗിച്ച് വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാവുന്ന ഈ ഫീച്ചറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.