കാബൂൾ- അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിവാഹ ചടങ്ങുകൾക്കിടെ നടന്ന വൻ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരം. നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. ശനിയാഴ്ച രാത്രി നടന്ന വിവാഹ സൽക്കാര പരിപാടികൾക്കിടെയാണ് ചാവേർ സ്ഫോടനമുണ്ടായത്.
ആയിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് ചാവേർ ആക്രമണം. കാബൂളിൽ ഈ വർഷം നടന്ന ഏറ്റവും മാരകമായ ബോംബാക്രമണമാണിതെന്നു പ്രദേശ വാസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പുരുഷന്മാരുടെ വിവാഹാഘോഷ സ്വീകരണ ഹാളിലാണ് സ്ഫോടനം നടന്നത്.
ഇവിടെ ഗായകരടക്കം നിരവധി യുവാക്കൾ സ്റ്റേജിനു സമീപം കൂടി നിൽക്കേയാണ് ചാവേർ പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും ഉള്‍പ്പെടും
വിവാഹത്തിനെത്തിയവരുടെ ഇടയിൽ ബോംബുമായി ഏതാനും പേരെ തീവ്രവാദികൾ തയാറാക്കിയിരുന്നതായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയ വക്താവ് നുസ്രത് റഹീമി വെളിപ്പെടുത്തി, താലിബാനും പ്രാദേശിക ഐ എസ് തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും ഇദ്ദേഹം പറഞ്ഞു. ഇവിടെ ന്യൂന പക്ഷമായ ശീഈ വിഭാഗക്കാരുടെ വിവാഹ ചടങ്ങുകളാണ് നടന്നിരുന്നതെന്ന് പ്രദേശ വാസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മൂന്നാഴ്ച്ച മുമ്പ് പടിഞ്ഞാറൻ കാബൂളിൽ നടന്ന താലിബാൻ ചാവേർ സ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെടുകയും 145 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.