ന്യൂദൽഹി- ഏറെ വിവാദമായ പെഹ്‌ലുഖാൻ ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ വെറുതെ വിട്ടകോടതി വിധി പരിശോധിച്ച് ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുവാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കോടതി വിധിയിൽ കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക ഗാന്ധി കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ മാതൃകാ ശിക്ഷയുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതായും കടുത്ത ഞെട്ടലുളവാക്കിയെന്നും കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക വാദ്ര ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ കോടതി വിധിയിൽ പരിശോധന നടത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ, ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പെഹ്‌ലുഖാൻ കൊലപാതകത്തിലെ ആറു പ്രതികളെയാണ് കഴിഞ്ഞ ദിവസം ജില്ലാ കോടതി വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.
കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും പെഹ്‌ലുഖാന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കോടതി വിധി വന്നതിനു പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചും അതീവ ദുഃഖ രേഖപ്പെടുത്തിയും പ്രിയങ്ക ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു.