കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നിന്നും മാതൃകാ പരമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു
ജയ്പൂർ- പെഹ്ലുഖാൻ കൊലപാതകക്കേസിൽ രാജസ്ഥാനിലെ കോടതി വിധി തന്നിൽ ഞെട്ടലുണ്ടാക്കിയെന്ന് കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക വാദ്ര. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനത്തിൽ നിന്നും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ മാതൃകാ പരമായൊരു വിധിയാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് കീഴ്കോടതി വിധി ഉണ്ടായതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ എല്ലാം നിരാശയായിരുന്നു ഫലം.
കോടതി വിധിയിൽ കടുത്ത നിരാശയാണ്. ഇരയുടെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കുന്നതിൽ സർക്കാറിന് കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. നല്ലൊരു മാതൃകാ ശിക്ഷ കുറ്റവാളികൾക്ക് നൽകുമെന്നും പ്രതീക്ഷിച്ചരുന്നു. എന്നാൽ എല്ലാം അസ്ഥാനത്തായി. "പെഹ്ലുഖാൻ കേസിലെ കീഴ്ക്കോടതി തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കുള്ള ഇടമുണ്ടാകരുത്, ആളുകൾ കൂട്ടം ചേർന്ന കൊലപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്" പ്രിയങ്ക ട്വീറ്റ് ചെയ്തു.
2017 ൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ കർഷകനായ പെഹ്ലു ഖാന്റെ കൊലപാതക കേസിലെ പ്രതികളായ ആറു പേരെ അൽവാർ ജില്ലാ കോടതി വെറുതെ വിട്ടിരുന്നു. ജയ്പൂരിലെ കാലിച്ചന്തയിൽനിന്ന് പശുക്കളെ വാങ്ങി മടങ്ങിവരികയായിരുന്ന പെഹ്ലുഖാനെയും ആറുപേരെയും ഹിന്ദുത്വ ഭീകരർ സംഘം ചേർന്ന് മർദ്ദിക്കുകായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പെഹ്ലുഖാൻ ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. പെഹ്ലുഖാനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ആകെ ഒൻപത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്നുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇവർ ജാമ്യത്തിലാണ്. ഇദ്ദേഹത്തിന്റെ രണ്ടു ആൺ മക്കളും ഈ സമയത്ത് ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.