ദുബായ്- ഖത്തറിൽ തുർക്കിയുടെ പുതിയ സൈനിക താവളം സജ്ജമാകുന്നു. ഏറെ താമസിയാതെ തന്നെ പുതിയ സൈനിക താവളം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി തുർക്കി ഗവൺമെന്റുമായി ബന്ധമുള്ള ഹുറിയത്ത് ദിനപത്രമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ സൈനിക താവള ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ്അൽഥാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തുടങ്ങിയവർ സംബന്ധിക്കും. ഖത്തറിലെ സൈനിക താവളം വലുതായിക്കൊണ്ടിരിക്കുകയാണെന്നും താരിഖ് ബിൻ സിയാദ് സൈനിക താവളത്തിനു സമീപമാണ് പുതിയ സൈനിക താവളം സജ്ജമാക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
2015 ഒക്‌ടോബർ മുതൽ തുർക്കി സൈനികർ ഖത്തറിലെ താരിഖ് ബിൻ സിയാദ് സൈനിക താവളത്തിൽ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ സൈനിക താവളം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ കൂടുതൽ തുർക്കി സൈനികർ ഖത്തറിലെത്തിച്ചേരും. എന്നാൽ, എത്ര സൈനികരാന്ന് ഇവിടെ തമ്പടിക്കുകയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തുർക്കിയുടെ താൽപ്പര്യങ്ങളും സുരക്ഷയും അടിസ്ഥാനമാക്കിയായിരിക്കും സൈനികരെ ഇവിടെ നിയോഗിക്കുക. കൂടുതൽ സൈനികർ ഉൾകൊള്ളുന്ന ഇവിടെ ഖത്തറും ഏറെ പ്രാധാന്യമാണ് നൽകുന്നത്. 2015 മുതൽ തുർക്കി- ഖത്തർ കൂട്ടുകെട്ട് അതി ശക്തമാണ്. സൗദിയുൾപ്പെടെയുള്ള ചതുർ രാഷ്‌ട്രങ്ങൾ ഉപരോധവുമായി രംഗത്തെത്തിയപ്പോഴും തുർക്കിയുമായുള്ള ബന്ധം ഖത്തർ കൂടുതൽ ശക്തമാക്കുകയാണ് ചെയ്‍തത്. ബഹിഷ്‌കരണത്തിനുശേഷം മൂവായിരത്തോളം സൈനികരെ തുർക്കി ഖത്തറിലേക്ക് അയച്ചതായാണ് കണക്കുകൾ.