വാഷിംഗ്‌ടൺ- മുപ്പതോളം മൾട്ടി നാഷണൽ കമ്പനി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ക്യാപിറ്റൽ വൺ കമ്പനിയുടെ ഉപയോകതാക്കളെ കൂടാതെ വിവിധ മൾട്ടി നാഷണൽ കമ്പനി ഉപയോക്താക്കളുടെയും വിവരങ്ങളാണ് യുവതി അതി സാഹസികമായി നുഴഞ്ഞു കയറി ചോർത്തിയതെന്ന് വാഷിംഗ്‌ടൺ ഫെഡറൽ പ്രോസിക്യുട്ടർ വെളിപ്പെടുത്തി. മുൻ ആമസോൺ വെബ് സർവ്വീസ് ജീവനക്കാരിയായ പൈജ് തോംപ്‌സൺ എന്ന യുവതിയാണ് വിവിധ കമ്പനികളുട സെർവറുകൾ ഹാക്ക് ചെയ്‌തു ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയത്. ഇതിൽ, അമേരിക്കയിലെ ഏഴാമത്തെ പ്രധാന ബാങ്കായ ക്യാപിറ്റൽ വൺ ചോർച്ചയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ മേഖലകളിലെ വ്യത്യസ്‌ത കമ്പനികൾ ഉൾപ്പെടെയുള്ളവയിൽ നിന്നും വിവരങ്ങൾ ചോർത്തിയത്.
യുവതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഏതെല്ലാം മേഖലയിലുള്ള കമ്പനികളിൽ നിന്നാണെന്നോ കമ്പനികളുടെ പേരു വിവരങ്ങൾ പുറത്ത് വിടാനോ യു എസ ഫെഡറൽ കോടതി തയ്യാറായിട്ടില്ല. ഏതൊക്കെയാണെന്ന് ഇത് വരെ വ്യക്തമായിട്ടിയില്ലെന്നും ഇത് കണ്ടെത്തുവാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഗവണ്മെന്റ് അറിയിച്ചു. അതേസമയം, താൻ മോഷ്‌ടിച്ച ഒരു ഡാറ്റയും വിൽക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതി അധികൃതരോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ മുപ്പതിനാണ് തങ്ങളുടെ ഡാറ്റകളിൽ ഹാക്കർ കയറിയെന്ന പരാതിയുമായി ക്യാപിറ്റൽ ഫൈനാൻഷ്യൽ ഗ്രൂപ്പ് രംഗത്തെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൈജ് തോംപ്‌സൺ എന്ന യുവതിയെ അറസ്‌റ്റ് ചെയ്‌തത്. മാർച്ച് 12 നും ജൂലൈ 17 നും ഇടയിലാണ് വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളുടെ അപേക്ഷ വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും 120,000 സോഷ്യൽ സെക്യൂരിറ്റി നമ്പറുകളും 77,000 ബാങ്ക് അകൗണ്ട് നമ്പറുകളുമാണ് നഷ്ടപ്പെട്ടതെന്ന് ക്യാപിറ്റൽ വൺ വ്യക്തമാക്കിയിരുന്നത്.