ന്യൂദല്‍ഹി- മക്കളുടെ എണ്ണം കുറച്ച് കുടുംബം ചെറുതാക്കുന്നതും രാജ്യസ്‌നേഹ നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 73 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
ജനസംഖ്യാ വര്‍ധനയെ കുറിച്ച് വിപുലമായ ചര്‍ച്ചയും ബോധവല്‍ക്കരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളുടെ പ്രതീക്ഷകള്‍ പൂവണിയിക്കാന്‍ സാധിക്കുമോയെന്ന് അവര്‍ക്ക് ജന്മം നല്‍കുന്നതിനു മുമ്പ് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 370 ഒഴിവാക്കിയതോടെ കശ്മീരില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമാണെന്നും കശ്മീരികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ അനുസ്മരിച്ചും പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയുമാണ് രണ്ടാം സര്‍ക്കാരിനു കീഴില്‍ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത്.
ദാരിദ്ര്യനിര്‍മാര്‍ജനവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. മുസ്ലിം സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും മേല്‍ തൂങ്ങി നിന്ന വാളായിരുന്നു മുത്തലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അത് അനുവദിച്ചില്ല. പല ഇസ്ലാമിക രാജ്യങ്ങളും ഇത് വളരെ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ എന്തു കൊണ്ടോ ഇന്ത്യയില്‍ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ നമുക്കായെങ്കില്‍ മുത്തലാഖിനെതിരെയും അതിനാകണം. അംബേദ്കറുടെ ഭാവന ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതെന്ന് മോഡി പറഞ്ഞു.
70 വര്‍ഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിനായെന്ന് കശ്മീര്‍ ബില്‍ പാസാക്കിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളും അതിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കുടിവെളളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. പിന്നിട്ട എഴുപതു വര്‍ഷം ചെയ്തതിനേക്കാള്‍ നാലു മടങ്ങ് ഇതിനായി ചെയ്യേണ്ടതുണ്ട്. ജല്‍ ജീവന്‍ മിഷന്‍ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമാവില്ല. സ്വച്ഛതാ മിഷന്‍ എന്ന ദൗത്യത്തിലേതു പോലെ ഇത് ജനപങ്കാളിത്തം ഉറപ്പാക്കുന്ന ദൗത്യമാക്കുകയാണ് ലക്ഷ്യമെന്ന് മോഡി പറഞ്ഞു.