ന്യൂദൽഹി- വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ദൽഹി അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനം ഒരുമണിക്കൂറിലധികം നേരത്തേക്ക് മുടങ്ങി. തിങ്കളാഴ്ച രാത്രിയാണ് വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശമെത്തിയത്. ഉടൻ തന്നെ ത്വരിത ഗതിയിലുള്ള പ്രവർത്തനങ്ങളുമായി രംഗത്തെത്തിയ അധികൃതർ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെയും ജീവനക്കാരെയും പൂർണ്ണമായും ഒഴിപ്പിച്ചു. ടെർമിനൽ രണ്ടിൽ ബോംബ് വെച്ചെന്ന സന്ദേശമാണ് എയർപോർട്ട് അധികൃതർക്ക് ലഭിച്ചത്. ഇതേ തുടർന്ന് വിമാന യാത്രക്കായി എത്തിയവരെ സ്ഥലത്ത് നിന്നും നീക്കുകയും വന്നിറങ്ങിയ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കാതെ വിമാനത്തിൽ തന്നെ നിർത്തുകയും ചെയ്‌തു. ഇതിനിടെ വിമാനത്താവളത്തിലെ ബോംബ് സ്‌ക്വാഡും സി ഐ എസ് എഫും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് 10 മണിയോടെയാണ് വിമാനത്താവള പ്രവർത്തനം സാധാരണ നിലയിലായത് .