ന്യൂദൽഹി- ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യക്കാരിയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ആഗോള ശീതള പാനീയ കമ്പനിയായ പെപ്സി കമ്പനിയുടെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഇന്ദ്ര കൃഷ്ണമൂർത്തി നൂയിയെയാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുതെന്ന് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നിയന്ത്രണത്തിലുള ലോക ബാങ്ക് തലപ്പത്തേക്ക് ചെന്നൈയിൽ ജനിച്ച് അമേരിക്കയിൽ സ്ഥിര താമാക്കിയ ഇവരുടെ നിയമനം വൈറ്റ് ഹൗസ് പരിഗണിച്ചതായി അമേരിക്കൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. പന്ത്രണ്ടു വർഷം പെപ്സി കമ്പനിയെ നയിച്ച 63 കാരി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സ്ഥാനമൊഴിഞ്ഞത്. അമേരിക്കൻ പ്രസിഡന്റിന്റെ മകൾ ഇവൻകയുമായുള്ള അടുത്ത ബന്ധം ഇവർക്ക് സഹായകമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ട്രംപ് ഭരണത്തിന്റെ വാഗ്ദാനം ഇവർ സ്വീകരിക്കുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം ഫെബ്രുവരിയിൽ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ സ്ഥാപനത്തിൽ ചേരുന്നതിനാണ് അദ്ദേഹം സ്ഥാമൊഴിയുന്നത്. കാലാവധി അവസാനിക്കുന്നതിന് ഇനിയും മൂന്നര വർഷമുണ്ടായിരിക്കെയാണ് അപ്രതീക്ഷിതമായി ജിം യോങ് കിം രാജി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ട്രഷറി അഫയേഴ്സ് അണ്ടർ സിക്രട്ടറി ഡേവിഡ് മാൽപാസ്, ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ പ്രസിഡന്റ് റെയ് വശ്ബുർനെ എന്നിവരാണ് പരിഗണയിലുള്ള മറ്റു രണ്ടു പേർ. പരമ്പരാഗതമായി ലോക ബാങ്ക് മേധാവികളെ നിയമിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണെങ്കിലും ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരത്തോടെ മാത്രമേ ഇത് സാധിക്കൂ.
തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചഇന്ദ്ര കൃഷ്ണമൂർത്തിയുടെ ഭർത്താവ് രാജ് കെ നൂയിയാണ്. രണ്ടു മക്കളുള്ള ഇവർ ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസക്കാരിയാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജ്, കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, അമേരിക്കയിലെ യാലെ സർവ്വകലാശ എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഇവർ ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജർ ആയിട്ടാണ് തന്റെ കർമ്മ മണ്ഡലത്തിലേക്ക് കാലെടുത്തു വെച്ചത്.