നിരവധി സേവനങ്ങൾ ലഭ്യമാകുന്ന പദ്ധതി സെപ്‌തംബർ അഞ്ച് മുതൽ ലഭ്യമാകും.
മുംബൈ- ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം കൂടുതൽ മെച്ചപ്പെടുത്തി റിലയൻസ് തങ്ങളുടെ പുതിയ ഫൈബർ സേവനം പ്രഖ്യാപിച്ചു. എഴുന്നൂറ് രൂപ മുതൽ നിരക്കിൽ ലഭിക്കുന്ന പുതിയ ഗിഗാ ഫൈബർ പദ്ധതി റിലയൻസ് ജിയോയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ച് മുതൽ അന്താരാഷ്ട്രതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കും. 2016 ൽ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങൾക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബർ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തുന്നത്. അത്യാധുനിക സംവിധാനത്തോടെയുള്ള റിലയൻസ് ഗിഗാ ഫൈബർ പദ്ധതി അധിക ചിലവില്ലാതെയുള്ള അതിവേഗ ഇന്റർനെറ്റ് സംവിധാനമാണ് നൽകുക. സെക്കന്റിൽ ഒരു ജിബി വരെയുള്ള ബ്രോഡ്ബാൻഡ് സംവിധാനം ലോകത്തെ തന്നെ മികച്ചതായിരിക്കും. കൂടാതെ, അധിക ചെലവില്ലാതെ ലാന്റ് ലൈൻ സേവനം, അൾട്രാ എച്ച്ഡി വിനോദം, വിർച്വൽ റിയാലിറ്റി ഉള്ളടക്കങ്ങൾ, മൾടി പാർട്ടി വീഡിയോ കോൺഫറൻസിങ്, ശബ്ദനിയന്ത്രിതമായ വിർച്വൽ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാർട് ഹോം സേവനങ്ങൾ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാൻഡ് സേവനത്തിലൂടെ ലഭ്യമാവും. അമേരിക്കയിലെ ശരാശരി ഇന്റർനെറ്റ് വേഗതയേക്കാൾ ഉള്ള വേഗതയായിരിക്കും റിലയൻസ് ഗിഗ ഫൈബർ ഇന്റർനെറ്റിന്.
ഇതിനകം, ഗിഗാഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി 1.5 കോടി രജിസ്ട്രേഷനുകളാണ് ലഭിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 50 ലക്ഷം വീടുകളിൽ ഗിഗാഫൈബർ സേവനം നൽകുന്നുണ്ട്. ജിയോ ഫൈബർ വഴി ടെലിവിഷൻ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെൻ പോലുള്ള മുൻനിര കേബിൾ ഓപ്പറേറ്റർ സേവനങ്ങളെ ഏറ്റെടുത്ത റിലയൻസ് ഈ സേവനങ്ങൾക്ക് കീഴിലുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് ടെലിവിഷൻ സേവനങ്ങൾ നൽകുക. ടെലിവിഷൻ സേവനങ്ങൾക്കും മറ്റുമായി വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയുള്ള 4കെ സെറ്റ് ടോപ്പ് ബോക്‌സും ജിയോ അവതരിപ്പിച്ചു.
പ്രതിമാസം 700 രൂപമുതൽ 10,000 രൂപ വരെ ചിലവ് വരുന്ന ജിയോ ഫൈബർ വരിക്കാർക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോൺ വിളിക്കാനാവും. ഇത് കൂടാതെ 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും. ജിയോഫൈബറിന്റെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് വെൽക്കം ഓഫർ ആയി എച്ച്ഡി എൽഇഡി ടിവിയും, 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. ടിവിയിലൂടെ
തടസമില്ലാത്ത വീഡിയോ കോളിങ് സൗകര്യവും ജിയോ ഫൈബർ ഒരുക്കുന്നുണ്ട്.