വിശാഖപട്ടണം- മര്‍ദിച്ചവശനാക്കി 20 ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്ന യുവാവിന്റെ കള്ളക്കഥ പോലീസ് പൊളിച്ചു. ബൈക്കിലെത്തിയ രണ്ടു പേര് തന്റെ പക്കല്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി എന്‍. ശ്രീനിവാസുലു എന്നയാള്‍ ചൊവ്വാഴ്ചയാണ് പോലീസിനെ സമീപിച്ചത്.
ജോലി ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പണമാണെന്നും അറിയിച്ചു. കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. പോര്‍ട്ട് റോഡ് വഴി ഗജവാകയില്നിന്ന് വിശാഖപട്ടണത്തേക്ക് സ്കൂട്ടറില്‍ വരികയായിരുന്നുവെന്നും ബാഗിലായിരുന്നു പണമെന്നുമാണ് പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേ കഥതന്നെ തൊഴിലുടമയോടും പറഞ്ഞു.
വിശ്വാസം വരാത്ത പോലീസ് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവന്ന് പോലീസ് കമ്മീഷണര്‍ ആര്.കെ. മീണ പറഞ്ഞു. പണം ഇയാളുടെ പക്കല്‍ കണ്ടെത്തി. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.