നിലവിലെ കെട്ടിടം 1927 ൽ നിർമ്മിച്ചത്
ന്യൂദൽഹി- പുതിയ പാർലമെന്റ് മന്ദിരം പരിഗണനയിലെന്നു ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വ്യക്തമാക്കി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടം സംബന്ധിച്ച് കാര്യങ്ങള്‍ അറിയിച്ചത്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എംപിമാരടക്കമുള്ള വിവിധയാളുകളില്‍നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നതിനെ തുടര്‍ന്നാണ് സാധ്യതകള്‍ പരിശോധിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. പുതിയ പാർലമെന്റ് മന്ദിരം വേണമെന്നതാണ് പൊതുവെയുള്ള അഭിപ്രായം. നിലവിലെ പാർലമെന്റ് മന്ദിരം ആധുനിക വൽക്കരിക്കുന്നതും പരാഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പ്രധാന മന്ത്രിയുടെ പുതിയ ഇന്ത്യ എന്ന മുദ്രാവാക്യത്തിൽ ഉൾപ്പെടുത്തി പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനാണ് പദ്ധതി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പാർലമെന്റ് കെട്ടിടം ഏറ്റവും ഗംഭീരവും ആകർഷകവുമായിരിക്കണമെന്നത് എല്ലാവരുടെയും അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു.
1927 ലാണ് നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിച്ചത്. ബ്രിട്ടീഷ് ആര്‍കിടെക്ടുകളായ എഡ്വിന്‍ ലുടിയെന്‍സും ഹെര്‍ബെര്‍ട് ബെക്കര്‍ എന്നിവരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മധ്യപ്രദേശിലെ ചൗസത് യോഗിണി ക്ഷേത്ര മാതൃകയിലാണ് പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിച്ചത്. 1921ല്‍ ആരംഭിച്ചു ആറ് വര്‍ഷമെടുത്ത് പൂർത്തിയാക്കിയ പാർലമെന്റ് കെട്ടിടം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതിനു ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും പാര്‍ലമെന്‍റ് കെട്ടിടമായി നിലനിര്‍ത്തുകയായിരുന്നു.