ന്യൂദൽഹി- പുണ്യനദികളായ ഗംഗക്കും യമുനക്കും മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ ഹരജിയിലാണ് സ്റ്റേ. കഴിഞ്ഞമാർച്ചിലാണ് ഇരു നദികള്‍ക്കും വ്യക്തിക്ക് തുല്യമായ പദവി ഉത്തരാഖണ്ഡ് ഹൈക്കോടതി നൽകിയത്.
ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന എല്ലാ അവകാശാധികാരങ്ങൾക്കും ഈ നദികളും അർഹരാണെന്ന് ഡിവിഷൻ ബെഞ്ച് വിധിക്കുകയായിരുന്നു. നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ നിയമപരമായ രക്ഷിതാക്കളായും കോടതി പ്രഖ്യാപിച്ചു.
രണ്ട് പുണ്യനദികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കായിരുന്നു. എന്നാൽ നദിയിലൂണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ആർക്കെങ്കിലും ദോഷം സംഭവിച്ചാൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഉത്തരാഖണ്ഡ് സർക്കാർ ചൂണ്ടിക്കാട്ടി. അതിന്റെ പേരിൽ ആരെങ്കിലും പരാതി നൽകിയാൽ സാന്പത്തിക നഷ്ടം വഹിക്കേണ്ടി വരുന്നത് സർക്കാരിനാകുമെന്നും സർക്കാർ ഹരജിയിൽ പറഞ്ഞു.