മാനസിക പിരിമുറുക്കം ഇല്ലാത്തവരെ കാണാൻ പോലും കിട്ടാത്ത അവസ്ഥയിലായി. കുട്ടികൾ, മുതിർന്നവർ, കോർപറേറ്റുകൾ, തൊഴിൽരഹിതർ, ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരെല്ലാം പിരിമുറുക്കത്തിന്റെ പിടിയിലാണ്. ഒരാളെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഒരളവു വരെയുള്ള പിരിമുറുക്കം സഹായിക്കുന്നു. ഒരു പ്രേരകം എന്ന നിലയിൽ പിരിമുറുക്കം നല്ലതാണ്. എന്നാൽ പിരിമുറുക്കം കൂടുതൽ വിഷമത്തിനും പരാജയത്തിനും കാരണമാകുമ്പോൾ ചികിത്സ തേടേണ്ടതുണ്ട്.
കാരണം തിരിച്ചറിയുക
നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിരിമുറുക്കത്തെ ഫലപ്രദമായി നേരിടുന്നതിന്, അതിന്റെ സ്രോതസ്സ് തിരിച്ചറിയുക പ്രധാനമാണ്. അത് പാരിസ്ഥിതികമോ (ശബ്ദകോലാഹലം, മലിനീകരണം, വെന്റിലേഷൻ പ്രശ്‌നങ്ങൾ തുടങ്ങിയവ) ശാരീരികമോ (ഹോർമോൺ വ്യതിയാനം, രോഗാവസ്ഥ, പുകവലി, മദ്യപാനാസക്തി തുടങ്ങിയവ) അല്ലെങ്കിൽ ദൈനംദിന ജീവിതത്തിൽ പെട്ടെന്നുണ്ടായ മാറ്റം മൂലമോ (വീടുമാറ്റം, പുതിയ ജോലിസ്ഥലം, പുതിയ നഗരം തുടങ്ങിയവ) ആണോയെന്ന് പരിശോധിക്കണം. പിരിമുറുക്കത്തിന്റെ സ്രോതസ്സ് മനസ്സിലാക്കുന്നത് നിങ്ങൾക്ക് അതിനെ വിജയകരമായി മറികടക്കുന്നതിനുള്ള ഉപാധികൾ കണ്ടെത്താൻ സഹായകമാവും.
സ്വീകാര്യത
എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലാവാൻ ബുദ്ധിമുട്ടാണ്. ഒഴിച്ചുകൂടാൻ കഴിയാത്ത മാറ്റങ്ങളെയും സംഭവങ്ങളെയും അംഗീകരിക്കുക മാത്രമാണ് നിങ്ങൾക്ക് ആശ്വാസം ലഭിക്കാനുള്ള മാർഗം. മാറ്റങ്ങളെ എത്രത്തോളം നിങ്ങൾ പ്രതിരോധിക്കുന്നോ അത്രത്തോളം പിരിമുറുക്കത്തെ ക്ഷണിച്ചുവരുത്തുന്നു, നിങ്ങൾക്ക് ബുദ്ധിമുട്ടേറിയതും മാറ്റമില്ലാത്തതുമായ സാഹചര്യത്തിൽ തുടരേണ്ടിവരികയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത പുതിയൊരു വീട്ടിലേക്ക് താമസം മാറ്റി എന്ന് കരുതുക. നിങ്ങൾ എത്രത്തോളം അനിഷ്ടം പ്രകടിപ്പിക്കുന്നോ, അത്രത്തോളം പിരിമുറുക്കം വർധിക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം, ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന് ചിന്തിക്കുകയും തുടർന്നുള്ള കാര്യങ്ങളിൽ സജീവമാവുകയും ചെയ്യുകയാണ് വേണ്ടത്. വീടിനെക്കുറിച്ചുള്ള എന്തു കാര്യമാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്ന് വിശകലനം നടത്തുക. അത് ഇല്ലാതാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ചിന്തിക്കുകയും പ്രായോഗികമായത് നടപ്പാക്കുകയും ചെയ്യുക.
ചിന്തകൾ പുനഃക്രമീകരിക്കുക
മറ്റുള്ളവരെ അല്ലെങ്കിൽ സ്ഥിരമായി നിങ്ങളെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളെ വീക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത്, കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ മനസ്സിലാക്കുന്നതിനും അതിനോട് പിരിമുറുക്കത്തോടു കൂടിയല്ലാതെ പ്രതികരിക്കുന്നതിനും സഹായകമാവും. ഉദാഹരണത്തിന്, നിങ്ങളുടെ മേലധികാരി നിങ്ങളോട് സ്ഥിരമായി ദേഷ്യപ്രകടനം നടത്തുന്നുവെന്ന് കരുതുക. ഇതിൽ നിങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കാതിരിക്കുകയും മേലധികാരിയുടെ ഇത്തരം സ്വഭാവപ്രകടനം മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ മൂലമാണെന്നും കരുതുക. ഇത് ഇത്തരം സാഹചര്യങ്ങളെ വിജയകരമായി നേരിടുന്നതിനു നിങ്ങൾക്ക് സഹായകമാവും.
അതിനെ അഭിമുഖീകരിക്കുക. പിരിമുറുക്കം നൽകുന്ന കാര്യങ്ങളിൽ നിന്ന് എത്രത്തോളം അകന്നു നിൽക്കാൻ ശ്രമിക്കുന്നോ അത്രത്തോളം നിങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടിവരും. അതിനെ അഭിമുഖീകരിക്കാൻ നിങ്ങൾ തയാറാവുക. പിരിമുറുക്കം നൽകുന്ന സംഗതിയെ നേരിടാൻ നിങ്ങൾക്കുള്ള ശക്തിയെക്കുറിച്ച് മാത്രം ചിന്തിക്കുക, പോരായ്മകളെ അവഗണിക്കുക.
പോസിറ്റീവ് സെൽഫ് ടോക്ക്
സംഗതികൾ എപ്പോഴും നമ്മുടെ പദ്ധതിക്ക് അനുസൃതമായി വരണമെന്നില്ല, നിങ്ങൾ ശരിയായ പാതയിൽ അല്ല എന്ന് മനസ്സിലാവുന്ന അവസരങ്ങളിലെല്ലാം സ്വയം നിഷേധാത്മകമായി കുറ്റപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് ഒരു അവസരം കൂടി ആവശ്യമാണ്. പിരിമുറുക്കമുള്ള അവസരങ്ങളിൽ പോസിറ്റീവായി സ്വന്തം മനസ്സുമായി സംവദിക്കുന്നത് നിഷേധാത്മക ചിന്തകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കുന്നതിനും പിരിമുറുക്കം സൃഷ്ടിക്കുന്ന കാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കും. വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, നിങ്ങൾക്ക് കഴിയുന്നത് എന്താണെന്ന് മാത്രം ശ്രദ്ധിക്കുക, നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കാതിരിക്കുക.
സമയക്രമം നിശ്ചയിക്കൽ
മുൻഗണനാക്രമം അനുസരിച്ച് പ്രവൃത്തികൾ ക്രമപ്പെടുത്തുകയും നിശ്ചിത സമയത്തിനുള്ളിൽ അവ ചെയ്തു തീർക്കുന്നതും, നിങ്ങൾക്ക് കർത്തവ്യങ്ങൾ ചിട്ടയായി പൂർത്തീകരിക്കുന്നതിനും ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. അല്ലെങ്കിൽ, പൂർത്തീകരിക്കാത്ത ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് പിരിമുറുക്കം നൽകുന്നതിനു കാരണമാവും.
ചില പൊടിക്കൈകൾ
ധ്യാനം
പിരിമുറുക്കത്തെ അതിജീവിക്കാൻ ഏറ്റവും യോജിച്ച മാർഗമാണ് ധ്യാനം. ദിവസത്തിൽ 30 മിനിട്ടെങ്കിലും ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തന്നെ പിരിമുറുക്കത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
ഉറക്കം
പിരിമുറുക്കമില്ലാത്ത ഒരു ജീവിതം നയിക്കാൻ ശരിയായ ഉറക്കം ആവശ്യമാണ്. മനസ്സിന് ഒരു റിലാക്‌സേഷൻ ഉണ്ടെങ്കിൽ ബാക്കിയെല്ലാം തനിയെ വന്നുകൊള്ളും.
നടത്തം
നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ആരോഗ്യത്തോടെയും ഫിറ്റായുമിരിക്കാൻ നടത്തം സഹായിക്കുമെന്ന് നമുക്കറിയാം. അതേപോലെ തന്നെ മാനസികാരോഗ്യം നിലനിർത്താനും ഇതുപകരിക്കും.
ശുഭചിന്ത
നല്ല ചിന്തകൾ ഉണ്ടെങ്കിൽ തന്നെ നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും താനേ കൈവരും. അനാവശ്യ ഉത്കണ്ഠ അകറ്റാനും പിരിമുറക്കമകറ്റാനും ഇതാവശ്യമാണ്. മനസ്സ് ശാന്തമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
ആരോഗ്യകരമായ ഭക്ഷണം
ശരിയായ മാനസിക ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിലും ശ്രദ്ധ വെച്ചേ മതിയാവൂ. അനാരോഗ്യകരമായ ഭക്ഷണ ശീലം നമ്മളിൽ അനാവശ്യമായ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും.