ശ്രീനഗര്‍- നാലു ദിവസം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്ന കശ്മീരികള്‍ ഇന്ന് അവരവരുടെ പ്രദേശത്തെ പള്ളികളില്‍ ജുമുഅ പ്രാര്‍ഥന നിര്‍വഹിച്ചതായി അധികൃതര്‍ അറിയിച്ചു. വലിയ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയില്‍ താഴ്‌വര കനത്ത ബന്തവസ്സിലായിരുന്നു. വടക്കന്‍ കശ്മീരിലെ ആപ്പിള്‍ നഗരമായ സോപോരില്‍ ചെറിയ തോതിലുള്ള കല്ലേറ് ഉണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായി ജുമുഅ ദിനം കടന്നുപോയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളില്ലാതെ പ്രദേശവാസികളെ പള്ളികളിലേക്ക് പോകാന്‍ അനുവദിച്ചു. ശ്രീനഗര്‍ സിറ്റിയിലും സൗത്ത് കശ്മീരിലും സ്ഥിതി സാധാരണനിലയിലായിരുന്നുവെന്നും മറ്റു സ്ഥലങ്ങളിലെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ശ്രീനഗറില്‍നിന്ന് 50 കി.മി അകെലയുള്ള സോപോര്‍ പട്ടണത്തിലാണ് ചെറിയ തോതില്‍ കല്ലേറുണ്ടായത്. ജനക്കൂട്ടത്തെ ഉടന്‍ തന്നെ പിരിച്ചുവിടാന്‍ സാധിച്ചുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ന് രാവില പ്രദേശത്ത് പര്യടനം നടത്തി പ്രദേശവാസികളോടും സുരക്ഷാ ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. ഡോവലിന്റെ സഹായികളും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈദ്ഗാഹ് പ്രദേശത്തും മറ്റു ചില സ്ഥലങ്ങളിലും അദ്ദേഹം പ്രദേശവാസികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രമസാമാധാനം നിലനിര്‍ത്തുന്നതില്‍ ഗംഭീര സേവനമര്‍പ്പിച്ച പോലീസിനും സി.ആര്‍.പി.എഫിനും അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു മുമ്പാണ് കശ്മീരില്‍ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. താഴ്‌വരയിലുടനീളം വന്‍തോതിലാണ് സൈനികരെ വിന്യസിച്ചത്. ശ്രീനഗറിലും പ്രധാന പട്ടണങ്ങളിലും 100 മീറ്റര്‍ വ്യത്യാസത്തിലാണ് പരിശോധനക്കായുള്ള ബാരിക്കേഡുകള്‍. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവരെ മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്.
ടെലിഫോണും ഇന്റര്‍നെറ്റ് കണക്്ഷനും വിഛേദിക്കപ്പെട്ട താഴ്‌വരയില്‍
കേബിള്‍ നെറ്റ് വര്‍ക്കില്‍ ദൂരദര്‍ശന്‍ ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ മാത്രമാണ് ലഭിച്ചത്.