Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ യാഥാര്‍ഥ്യമാക്കിയത് പട്ടേലിന്റേയും ശ്യാമപ്രസാദ് മുഖര്‍ജിയുടേയും സ്വപ്‌നം-പ്രധാനമന്ത്രി

ന്യൂദല്‍ഹി- സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേയും ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടേയും കോടിക്കണക്കിനു ഇന്ത്യക്കാരുടേയും സ്വപ്‌നമാണ് ജമ്മു കശ്മീരില്‍ യാഥാര്‍ഥ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു കശ്മിരിലേയും ലഡാക്കിലേയും സഹോദരങ്ങള്‍ക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നുവെന്നും ആ തടസ്സമാണ് നീക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ അനുഛേദം 370 എന്തു നേട്ടമാണ് കശ്മീര്‍ ജനതക്ക് നല്‍കിയതെന്ന് ആരും പറഞ്ഞിട്ടില്ല. ഭീകരത പ്രോത്സാഹിപ്പിക്കുകയും വികസനം തടയുകയും കുടുംബ രാഷ്ട്രീയവും അഴിമതിയും വളര്‍ത്തുക മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 ചെയ്തത്.
രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. പാര്‍ലമെന്റ് നിര്‍മിക്കുന്ന നിയമങ്ങള്‍ രാജ്യത്തിന്റെ ഒരു ഭാഗത്ത് ബാധകമാകുന്നില്ലെന്ന കാര്യം ആരും ഗൗരവത്തിലെടുത്തില്ല.
സ്വയം പ്രശംസ നേടുന്നതിനു വേണ്ടി മാത്രമാണ് മുന്‍ സര്‍ക്കാരുകള്‍ നിയമങ്ങള്‍ പാസാക്കിയിരുന്നതെന്നും ഒന്നരക്കോടിയോളം ജനങ്ങള്‍ അവയില്‍നിന്ന് അകലെയായിരുന്നുവെന്ന് മോഡി ആരോപിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. എന്നാല്‍ ജമ്മു കശ്മീരിലെ കുട്ടികള്‍ക്ക് അതു ലഭിച്ചില്ല. എന്താണ് അവരുടെ തെറ്റെന്ന് പ്രധാനമന്ത്രി ചോദിച്ചു.

 

 

Latest News