നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമായ ആപ്പിൾ ക്രെഡിറ്റ് കാർഡ് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് ഗോൾഡ്മാൻ സാച്ചസുമായി ചേർന്ന് ആപ്പിൾ കമ്പനി ക്രെഡിറ്റ് കാർഡ് പ്രഖ്യാപിച്ചത്. ആപ്പിളിന്റെ വാലറ്റ് ആപ്പ് വഴി എളുപ്പം അപേക്ഷിക്കാൻ സാധിക്കുമെന്നതും ഫീസുകൾ നാമമാത്രമാണെന്നതുമാണ് മേന്മയായി കമ്പനി അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ചകളിൽ ആപ്പിൾ ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപയോക്താക്കളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റു കാർഡുകളിൽനിന്ന് ആപ്പിൾ ക്രെഡിറ്റ് കാർഡിനെ വ്യത്യസ്തമാക്കുന്നത് അത് ഐഫോണുമായി ബന്ധിപ്പിച്ചിരുന്നു എന്നതാണ്. ഉപയോക്താക്കൾക്ക് ഒരു ക്രെഡിറ്റ് കാർഡിനായി സൗജന്യമായി അപേക്ഷിക്കാമെങ്കിലും അപേക്ഷ നൽകാനും സ്റ്റേറ്റ്‌മെന്റും ബാലൻസും ചെക്ക് ചെയ്യാനും ഐഫോൺ നിർബന്ധമാണ്. ആപ്പിൾ കാഷ് അക്കൗണ്ട് വഴി ഉപയോക്താക്കൾക്ക് രണ്ട് ശതമാനം കാഷ് ലഭിക്കും. പഴയ ചെലവുകളും പെയ്‌മെന്റുകളും അടിസ്ഥാനമാക്കി ബജറ്റ് മാനേജ് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. ക്രെഡിറ്റ് കാർഡ് അപേക്ഷകൾ അംഗീകരിക്കുന്നതും ഇടപാടുകൾ നിരീക്ഷിക്കുന്നതും ഗോൾഡ്മാൻ ആയിരിക്കും. പരസ്യത്തിനും മാർക്കറ്റിംഗിനും ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കാൻ പാടില്ലെന്ന കരാറുള്ളതിനാൽ ഇടപാട് വിവരങ്ങൾ തങ്ങൾക്ക് ലഭിക്കില്ലെന്നും ആപ്പിൾ കമ്പനി പറയുന്നു.