Sorry, you need to enable JavaScript to visit this website.

ചായയിൽ ഉറക്ക ഗുളിക ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിൽ

മുംബൈ- കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനെയും പോലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ താനെയിലാണ് ചായയിൽ അമിതമായി ഉറക്ക ഗുളിക കലക്കി കൊടുത്ത് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഒടുവിൽ കൊലപാതക്കേസിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്‌റ്റു ചെയ്‌തു. സംഭവത്തിൽ പ്രതിയായ ഭാര്യ ദീപ്‌തി (36) ഇവരുടെ കാമുകൻ സമധാൻ പശങ്കർ (40) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവതിയുടെ ഭർത്താവ് പ്രമോദ് പടങ്കർ (43) നെ ചായയയിൽ 20 ഉറക്ക ഗുളിക കലക്കി കൊടുത്താണ് കൊലപ്പെടുത്തിയത്. 
        ഏതാനും വർഷം മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് മനസ്സിലാക്കിയിരുന്നു. ഇതേ ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിടുകയും ചെയ്‌തിട്ടുണ്ട്‌. യുവതിയുടെ ബന്ധു കൂടിയാണ് രഹസ്യ കാമുകനായ യുവാവ്. തുടർന്നാണ് ഭർത്താവിനെ എങ്ങനെങ്കിലും കൊലപ്പെടുത്തണമെന്ന തീരുമാനത്തിൽ യുവതി എത്തിച്ചേർന്നതെന്നു നവഗാർ പോലീസ് സ്‌റ്റേഷൻ ഉയർന്ന ഉദ്യോഗസ്ഥൻ റാം ബാൽസിങ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഉറക്ക ഗുളിക അമിതമായി ചായയിൽ കലക്കി കൊടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ ഭർത്താവിനെ കൊലപ്പെടുത്താനായി കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യ ഘട്ടത്തിൽ ആകസ്‌മിക മരണമായി കരുതിയ സംഭവം പിന്നീടാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് അന്വേഷണത്തിനൊടുവിൽ ഭാര്യയേയും കാമുകനെയും പോലീസ് അറസ്‌റ്റു ചെയ്‌തത്‌. യുവതി സ്‌കൂളിൽ ക്ലർക്കായും ഇവരുടെ ഭർത്താവ് സംസ്ഥാന സർക്കാർ ഇഷുറൻസ് കമ്പനിയിലും ജോലി ചെയ്‌തു വരികയായിരുന്നു. ദമ്പതികൾക്ക് ഒൻപത് വയസായ ഒരു  മകളുണ്ട്.
 

Latest News