ന്യൂദൽഹി- കശ്‌മീർ പ്രശ്‌നത്തിൽ യു എൻ രക്ഷാ സമിതിയെ സമീപിക്കാനൊരുങ്ങുന്ന പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി. ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിൽ കശ്‌മീർ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾക്ക് ശേഷമാണു ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിയത്. ഇന്ത്യയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാസമിതി യോഗം തീരുമാന മെടുത്തു. യുഎന്നിനെ സമീപിക്കുന്നത് കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക്കിസ്ഥാന്‍ സൈന്യത്തിന് ഇമ്രാന്‍ ഖാന്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിലുള്ള സ്ഥാനപതിയെ തിരിച്ചുവിളിക്കാനും ഇന്ത്യന്‍ ഹൈക്കമ്മിഷണറെ തിരിച്ചയ്ക്കാനും ദേശീയ സുരക്ഷാ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. കശ്‌മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്ഥാന്റെ ദേശീയസ്വാതന്ത്രദിനം കശ്‌മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സംയുക്ത പാർലമെൻറ് സമ്മേളനവും വിളിച്ച് ചേർത്തിരുന്നു.