കംപ്യൂട്ടറുകള്‍ ചതിച്ചു; ആയിരക്കണക്കിന് വിമാന യാത്രക്കാര്‍ വലഞ്ഞു

ലണ്ടന്‍ - കംപ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ (ബിഎ) ആയിരക്കണക്കിന് യാത്രക്കാര്‍ ഇന്നലെ നട്ടം തിരിഞ്ഞു. വിമാനങ്ങള്‍ അനിശ്ചിതമായി വൈകി.  എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂ ദൃശ്യമായി. രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ വന്‍ കംപ്യൂട്ടര്‍ സ്തംഭനമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നേരിട്ടത്.
ഉപയോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ന്നതിന് 230 ദശലക്ഷം ഡോളറിന്റെ പിഴ ശിക്ഷ ലഭിച്ചതിനു പുറമെ വേതന തര്‍ക്കത്തില്‍ പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കേയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇന്നലെ സാങ്കേതിക പ്രശ്‌നത്തെയും അഭിമുഖീകരിച്ചത്.
സാങ്കേതിക സംഘം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് യാത്രക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട് ബിഎ ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് അറിയിച്ചു.
ഹീത്രു, ഗാറ്റ്‌വിക് എയര്‍പോര്‍ട്ടുകളില്‍നിന്ന് 60 ലേറെ വിമാനങ്ങള്‍ റദ്ദാക്കുകയും നൂറിലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഈ എയര്‍പോര്‍ട്ടുകളിലെ ആദ്യ വിമാനങ്ങള്‍ക്ക് ചെക്ക് ഇന്‍ തുടങ്ങിയപ്പോള്‍ തന്നെ സാങ്കേതിക പ്രശ്‌നം നേരിട്ടു. എപ്പോള്‍ പരിഹരിക്കുമെന്ന് യാത്രക്കാരോട് പറയാന്‍ പറ്റാത്ത സ്ഥിതിയായി.  
സിസ്റ്റം പ്രശ്‌നം അഭിമുഖീകരിക്കുകയാണെന്ന് സ്ഥിരീകരിച്ച ബിഎ എത്ര യാത്രക്കാരെ ബാധിച്ചുവെന്ന് വെളിപ്പെടുത്തിയില്ല. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടിലും യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ മുടങ്ങിയതിനു പുറമെ, ചെക്ക് ഇന്‍ കഴിഞ്ഞവര്‍ക്ക് മണിക്കൂറുകളോളം വിമാനങ്ങളില്‍ ഇരിക്കേണ്ടിവന്നുവെന്ന പരാതികള്‍ ഉയര്‍ന്നു. ജപ്പാനില്‍നിന്നും ഇന്ത്യയില്‍നിന്നും ചെക്ക് ഇന്‍ പറ്റുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
ഹീത്രുവില്‍ വിമാനത്തില്‍ കയറിയെങ്കിലും സമയത്ത് പോകാത്തതുകൊണ്ട് കണക്ഷന്‍ വിമാനം നഷ്ടപ്പെട്ടതായി ഫോട്ടോഗ്രഫി ബിസിനസ് മാനേജറായ സ്റ്റുവാര്‍ട്ട് ജാക്‌സണ്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ പ്ലാനിംഗും ആയിരക്കണക്കിനു പൗണ്ടുകളുമാണ് നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉപയോഗിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബ്രിട്ടനിലെ പതിനായിരക്കണക്കിന് യാത്രക്കാര്‍ വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ പുറത്തു പോകുന്ന തിരക്കേറിയ സമയമാണ് ഇപ്പോള്‍.
ഐ.ടി തകരാര്‍ കാരണം ഒരു വര്‍ഷം മുമ്പ് യൂറോപ്പിലെ ഏറ്റവും വലിയ ഹിത്രുവില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് നിര്‍ബന്ധിതമായിരുന്നു. 2017 മേയില്‍ സിസ്റ്റം, പവര്‍ സത്ംഭനത്തെ തുടര്‍ന്ന് 75,000 യാത്രക്കാരാണ് എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത്.
ഇനിയൊരിക്കലും കംപ്യൂട്ടറുകള്‍ തകരാറിലാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബിഎ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രസ് പറഞ്ഞു. വിമാനങ്ങളുടെ ഡിപ്പാര്‍ച്ചര്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടറും ചെക്ക് ഇന്‍ സിസ്റ്റവുമാണ് ബുധനാഴ്ച തകരാറിലായതെന്ന് വിമാന കമ്പനി പറഞ്ഞു. ബാക്ക് അപ്പ് സിസ്റ്റങ്ങള്‍ കൊണ്ടുവന്നാണ് ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി ചില വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. മറ്റൊരു ദിവസത്തേക്ക് മാറ്റി ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കിയതായും കമ്പനി വക്താവ് പറഞ്ഞു.

 

Latest News