Sorry, you need to enable JavaScript to visit this website.

അനശ്വര പ്രണയം

ടീനേജ് പ്രണയം പ്രമേയമാക്കിയുള്ള ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടങ്ങളിലെ പ്രണയവും വിരഹവുമെല്ലാം ഇതിവൃത്തമാക്കിയുള്ള വിഷയങ്ങളും സിനിമയ്ക്ക് പശ്ചാത്തലമായിട്ടുണ്ട്. നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചുചിത്രവും ടീനേജ് പ്രണയത്തിന്റെ റിയലിസ്റ്റിക് അവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിനീത് ശ്രീനിവാസനു പുറമെ കുമ്പളങ്ങി നൈറ്റ്‌സിലെ മാത്യുവും ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി വേഷമിട്ട അനശ്വരയും മുഖ്യ കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.


പ്ലസ് ടു പഠന കാലത്ത് ജെയ്‌സന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്ലസ് വൺ ഹ്യുമാനിറ്റീസിലാണ് അഡ്മിഷൻ കിട്ടിയതെങ്കിലും അവൻ സയൻസിലേയ്ക്കു മാറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജെയ്‌സന്റെ സഹപാഠിയാണ് കീർത്തി. ബുദ്ധിജീവി ചമഞ്ഞ് ക്ലാസിലെത്തിയ ജെയ്‌സൺ ആദ്യപരീക്ഷയിൽ തകർന്നടിയുന്നു. അതോടൊപ്പം ക്ലാസിൽ മലയാളം പഠിപ്പിക്കാനെത്തുന്ന രവി പത്മനാഭൻ എന്ന അധ്യാപകൻ അവന്റെ കണ്ണിലെ കരടായി മാറുന്നു. കൂടെ പഠിക്കുന്ന കീർത്തിയോട് അവന് പ്രണയം തോന്നുന്നെങ്കിലും അവളത് അംഗീകരിക്കുന്നില്ല. ഒടുവിൽ ഒരു വിനോദ യാത്രയ്ക്കിടെയാണ് അവർ പരസ്പരം പ്രണയം വെളിപ്പെടുത്തുന്നത്. ജെയ്‌സനെ വേട്ടയാടുന്ന മറ്റൊരു പ്രശ്‌നം സഹപാഠിയായ ബേസിലുമായുള്ള ശത്രുതയാണ്. ബേസിലുമായുള്ള അടിപിടിയിൽ അവന് പഠനം പൂർത്തിയാക്കാനാകുന്നില്ല. കീർത്തിയാകട്ടെ പ്ലസ് ടു കഴിഞ്ഞ് ഉന്നതപഠനത്തിന് ചെന്നൈയിലേയ്ക്ക് തിരിക്കുന്നു. ജെയ്‌സൺ പിന്നീട് അവളുടെ വരവും കാത്തിരിക്കുകയാണ്.
കുമ്പളങ്ങി നൈറ്റ്‌സിൽ ഫ്രാങ്കിയായി തിളങ്ങിയ മാത്യുവിന്റെ ജെയ്‌സണും അനശ്വരയുടെ കീർത്തിയും തമ്മിലുള്ള കൗമാര പ്രണയം രസകരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിനീതിന്റെ രവി മാഷ് അപൂർവം അധ്യാപകരിൽ ഒരാളായി വിരാജിക്കുന്നു.
ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച അനശ്വര മലയാള സിനിമയിൽ സജീവമാവുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ സമ്മാനിച്ച സന്തോഷം ചെറുതൊന്നുമല്ല ഈ കണ്ണൂരുകാരിക്ക്. പുതിയ വിശേഷങ്ങൾ പങ്കുെവയ്ക്കുകയാണ് അനശ്വര.

ചിത്രം ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നോ?
ഒരിക്കലുമില്ല. എല്ലാവർക്കും ഇഷ്ടമായി എന്നു കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഒരു പാടുപേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം പുറത്തിറങ്ങിയപ്പോഴും നല്ല പ്രതികരണമായിരുന്നു. ലക്ഷക്കണക്കിനു പേരാണ് ആ ഗാനം കണ്ടത്. ഇപ്പോഴും ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

കീർത്തിയെക്കുറിച്ച്?
കീർത്തിയും ഞാനും സമപ്രായക്കാരാണ്. പ്ലസ് വൺ വിദ്യാർത്ഥികളാണ് ഞങ്ങൾ. ചിത്രത്തിലെ ചില സംഭവങ്ങൾ യഥാർത്ഥ സംഭവങ്ങളുമായി സാമ്യമുള്ളവയാണ്. ഇത്തരം സമാനതകളുള്ളതുകൊണ്ട് കീർത്തിയെ അവതരിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. കൂടാതെ സെറ്റിൽ എല്ലാവരും വളരെ ഫ്രണ്ട്‌ലിയായാണ് പെരുമാറിയിരുന്നത്. സ്വാതന്ത്ര്യത്തോടെ ഇടപെടാനും ആവശ്യമായ സ്‌പേസും ഉണ്ടായിരുന്നതുകൊണ്ട് വളരെ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു. അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള സീനുകൾ ഇല്ലാതിരുന്നതും സഹായകമായി.

ലൊക്കേഷനിലെ അനുഭവങ്ങൾ?
ലൊക്കേഷനിൽ ശരിക്കും ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിലുണ്ട്. വെക്കേഷനായിരുന്നതിനാൽ എല്ലാവരും വളരെ ഫ്രീയായിരുന്നു. ഒരു അവധിക്കാലം ആസ്വദിക്കുന്ന ലാഘവത്തോടെയായിരുന്നു എല്ലാവരും സെറ്റിലെത്തിയത്. മൈസൂരിലേയ്ക്കുള്ള ടൂറും ഏറെ ആസ്വാദ്യകരമായിരുന്നു. ബസിൽ എല്ലാവരും പാട്ടു പാടിയും ഡാൻസ് ചെയ്തുമായിരുന്നു യാത്ര. ഒരു ക്ലാസിലെ കുട്ടികളെപ്പോലെ ഒന്നിച്ചുള്ള യാത്ര ശരിക്കും ആസ്വദിച്ചു. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്.

 

മാത്യുവുമൊത്തുള്ള അഭിനയം?
ഒരേ പ്രായക്കാരാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ ആദ്യമേ നല്ല കമ്പനിയായി. ഒരുമിച്ച് അഭിനയിക്കാനും എളുപ്പമായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷനും വളരെ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു.

ഉദാഹരണം സുജാതയിലേയ്ക്കുള്ള വരവ്?
തികച്ചും അപ്രതീക്ഷിതമായി സിനിമയിലെത്തിയതാണ്. കുട്ടിക്കാലം തൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നമൊന്നുമുണ്ടായിരുന്നില്ല. സ്‌കൂൾ പഠനകാലത്ത് മോണോ ആക്ടിൽ പങ്കെടുത്ത് സമ്മാനം നേടാറുണ്ട്. എട്ടാം ക്ലാസിൽനിന്നും ഒൻപതിലേയ്ക്ക് ജയിച്ച സമയത്തായിരുന്നു ഉദാഹരണം സുജാതയിൽ വേഷമിട്ടത്. ചിത്രത്തിലേയ്ക്കുള്ള ഒഡീഷനുണ്ടെന്നറിഞ്ഞ് ഫോട്ടോ അയച്ചുകൊടുത്തു. എറണാകുളത്തായിരുന്നു ഒഡീഷൻ. ഭാഗ്യമെന്നേ പറയേണ്ടു. മഞ്ജു ചേച്ചിയുടെ മകളായ ആതിര കൃഷ്ണനെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ശരിക്കും ഒരു മകളോടെന്ന പോലെയാണ് മഞ്ജു ചേച്ചി പെരുമാറിയത്. മഞ്ജു ചേച്ചി വളരെ പോസിറ്റീവാണ്. ചേച്ചിയിൽനിന്നും കുറെ കാര്യങ്ങൾ പഠിക്കാനായി. അമ്മ കൂടെയില്ലാത്ത അവസരങ്ങളിലും അമ്മയുടെ കരുതലോടെ കൂടെ നിന്ന് ഓരോന്നും കൃത്യമായി പറഞ്ഞുതന്നു. അതുകൊണ്ടാണ് ആ കഥാപാത്രത്തെ ഭംഗിയാക്കാൻ കഴിഞ്ഞത്.
ചിത്രം പുറത്തിറങ്ങിയപ്പോൾ കൂടുതൽ പ്രതികരണം ലഭിച്ചതും അമ്മമാരിൽനിന്നായിരുന്നു. ചിലർ ഓടിവന്ന് കെട്ടിപ്പിടിക്കും. മറ്റു ചിലർ ദേഷ്യഭാവത്തോടെ തല്ലാൻ ശ്രമിക്കും. അമ്മയോട് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന് ഉപദേശിക്കും. എന്റെ മകളും ഇങ്ങനെയാണെന്ന് പറഞ്ഞ അമ്മമാരുമുണ്ട്. ആ കഥാപാത്രം അവരുടെയെല്ലാം മനസ്സിൽ ഇത്രയും സ്വാധീനിച്ചിട്ടുണ്ടെന്നറിയുമ്പോൾ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്.

 

എവിടെയിലെ വേഷം?
ബോബി- സഞ്ജയ് ടീം ഒരുക്കിയ ചിത്രമായിരുന്നു എവിടെ. കെ.കെ. രാജീവ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ ആ കൂട്ടുകെട്ടിന്റെ ചിത്രത്തിൽ വേഷമിടാൻ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. ഷഹാന എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആശാ ശരത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രം കട്ടപ്പനയിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ ഗണത്തിൽ പെടുന്നു. ആശാ ശരത്തിന്റെ മകനായി വേഷമിടുന്ന ഷെബിന്റെ ജോഡിയായാണ് ചിത്രത്തിൽ വേഷമിട്ടത്.

ആദ്യരാത്രി?
ജിബു ജേക്കബ് സാർ സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിൽ ബിജുമേനോൻ ചേട്ടനൊപ്പമാണ് വേഷമിടുന്നത്. കുട്ടനാട്ടിലെ മുല്ലക്കര ഗ്രാമത്തിലെ ബ്രോക്കറായ മനോഹരന്റെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള രണ്ടു കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇരുപതു വർഷത്തിലേറെയായി നാട്ടിലെ കല്യാണങ്ങളെല്ലാം നടത്തുന്നത് മനോഹരനാണ്. ഒരു കല്യാണത്തിനു ശേഷമുണ്ടാകുന്ന സംഭവങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുകയാണ് ആദ്യരാത്രി. മനോഹരനായാണ് ബിജു ചേട്ടനെത്തുന്നത്.

തമിഴിൽ?
ആദ്യ തമിഴ് ചിത്രമാണ് റാങ്കി. സുസ്മിത എന്നാണ് കഥാപാത്രത്തിന്റെ പേര്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. അഭിനയ പ്രാധാന്യമുള്ള ഒരു മുഴുനീള വേഷമാണ് റാങ്കിയിലേത്. എ.ആർ. മുരുഗാദോസ് തിരക്കഥയൊരുക്കി എം. ശരവണൻ സംവിധാനം ചെയ്യുന്ന റാങ്കി ഒരു ക്രൈം ത്രില്ലറാണ്.
തമിഴ് ചിത്രങ്ങൾ കണ്ടാണ് കുറച്ചെങ്കിലും തമിഴ് പറയാൻ പഠിക്കുന്നത്. സെറ്റിൽ സംസാരിക്കുമ്പോൾ തെറ്റു പറ്റിയാൽ തിരുത്തിത്തരുമായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതേയുള്ളൂ. അടുത്ത ഷെഡ്യൂൾ വിദേശത്താണ്. തൃഷാമാമിനൊപ്പമാണ് വേഷമിടുന്നത്. തമിഴിൽ എന്റെ പേരു പോലും പറയാൻ അവർക്കാവുന്നില്ല. പലപ്പോഴും അണു എന്നാണ് വിളിക്കുന്നത്. ചിത്രത്തിൽ തൃഷാമാമിനൊപ്പം ഒരുപാട് കോമ്പിനേഷൻ സീനുകളുണ്ട്. വളരെ കൂളായി കാര്യങ്ങളെല്ലാം നന്നായി പറഞ്ഞുതരും.

സിനിമയിൽ നിലയുറപ്പിക്കാനാണോ തീരുമാനം?
പഠിച്ച് ഒരു ജോലി സമ്പാദിക്കണം. കാരണം ഈ ഫീൽഡിൽ എല്ലാക്കാലവും നിലനിൽക്കാനാവില്ലല്ലോ. കഴിയുന്നിടത്തോളം അഭിനയിക്കണം. മനസ്സിനിണങ്ങിയ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ തുടരും.

ഏറ്റവും വലിയ വിമർശനം?
ചേച്ചിയിൽനിന്നാണ് എപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവരാറ്. കാരണം ഓരോ സീനും കൃത്യമായി കണ്ട് അതിലെ പിഴവ് ചൂണ്ടിക്കാട്ടുന്നതും ചേച്ചിയാണ്. അച്ഛനും അമ്മയും കാര്യങ്ങൾ പറഞ്ഞുതരുമെങ്കിലും ചേച്ചിയാണ് എല്ലാം കൃത്യമായി പറഞ്ഞുതരുന്നത്.
 

Latest News