Sorry, you need to enable JavaScript to visit this website.

വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ, മുന്നറിയിപ്പാണെന്ന് കിം

പ്യോങ്‌യാങ്- അമേരിക്കക്ക് മുന്നറിയിപ്പാണെന്ന് വ്യക്തമാക്കി ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്. ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന മിസൈലാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചത്. രണ്ടാഴ്ച്ചയ്ക്കിടെ ഇത് നാലാമത്തെ മിസൈൽ പരീക്ഷമാണ് ഉത്തര കൊറിയ നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചുവെന്ന ആരോപണം ഉയർത്തിക്കാട്ടിയാണ് ഉത്തര കൊറിയയുടെ പ്രതികാര നടപടി. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതാണ് കൊറിയയെ പ്രകോപിപ്പിക്കുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണന്നും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണന്നും അമേരിക്ക അറിയിച്ചു.
        ജൂലൈ 25നായിരുന്നു ഉത്തരകൊറിയ ആദ്യ മിസൈല്‍ പരീക്ഷണം നടത്തിയത്. പിന്നീട് ജൂലൈ 31 നും ഈ മാസം 2 നും പരീക്ഷണങ്ങള്‍ നടത്തി. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്‍ വ്യക്തമാക്കി. യുഎസ്- ഉത്തരകൊറിയ ബന്ധം മോശമാക്കാന്‍ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്നു നിരവധി തവണ മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നു ഉത്തരകൊറിയന്‍ വിദേശമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. 

Latest News