പ്യോങ്‌യാങ്- ഉത്തരകൊറിയ വീണ്ടും ഹൃസ്വദൂര ആണവ മിസൈൽ വിക്ഷേപണം നടത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ കിഴക്കൻ തീരമായ വൊൻസാനിൽ നിന്നും രണ്ടു മിസൈലുകളും ജപ്പാൻ കടൽ എന്നറിയപ്പെടുന്ന തെക്കൻ കടലിലാണ് പതിച്ചത്. എന്നാൽ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നല്കിയാണോ ഇവ വിക്ഷേപിച്ചതെന്നു വ്യക്തമല്ല. അടുത്ത മാസം സിയോളിൽ നടക്കുന്ന അമേരിക്ക ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ശേഷമാണു രണ്ടു മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചത്. ദക്ഷിണ കൊറിയ സംയുക്ത സൈനിക തലവനാണ് ഇക്കാര്യം പുറത്ത് വിട്ടത്. ദക്ഷിണകൊറിയയുമായുള്ള അമേരിക്കയുടെ നീക്കം ആണവായുധ ചർച്ചകളെ ബാധിക്കുമെന്നും തങ്ങളുടെ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയുമായി കൂടിച്ചേർന്നു ആയുധങ്ങളെ കുറിച്ചുള്ള സംയുക്ത പരിശോധനകൾ നടന്നു വരികയാണെന്ന് ദക്ഷിണ കൊറിയൻ അധികൃതരെ ഉദ്ധരിച്ച് എ എഫ് പി റിപ്പോർട്ട് ചെയ്‌തു. അതേസമയം, മിസൈലുകൾ ജപ്പാൻ ജലാതിർത്തിയിൽ എത്തിയിട്ടില്ലെന്ന് ജപ്പാൻ അധികൃതർ വ്യക്തമാക്കി. എന്നാൽ, ഉത്തരകൊറിയയുടെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് ജപ്പാൻ വിദേശ കാര്യ മന്ത്രി മുന്നറിയിപ് നൽകി. മിസൈൽ വിക്ഷേപണ കാര്യം തങ്ങൾ സ്ഥിരീകരിച്ചിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ രാജ്യാതിർത്തിയിലോ പ്രത്യേക സാമ്പത്തിക മേഖലയിലോ പതിച്ചിട്ടില്ലെന്നും ജപ്പാൻ പ്രതിരോധ മന്ത്രി തകേശി ലെവായ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.