ഭോപാൽ- കോമാവസ്ഥയിൽ കിടന്ന രോഗിയുടെ കാൽ വിരൽ എലി കരണ്ടു തിന്നു. ആരോഗ്യ രംഗത്തെ ശ്രദ്ധക്കുറവ് വ്യക്തമാകുന്ന ഗുരുതരമായ സംഭവം മധ്യപ്രദേശിലെ രത്‌ലം ഗവന്മെന്റ് ആശുപത്രിയിലാണ് അരങ്ങേറിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ വലത് കാലാണ് എലികൾ കാർന്നു തിന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണാമാണിതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മധ്യപ്രദേശ് ജില്ലാ ആശുപത്രിയിൽ കോമ അവസ്ഥയിൽ ചികിത്സ തേടുന്ന സൂരജ് ഭാട്ടിയുടെ കാലാണ് എലികൾ ഭക്ഷണമാക്കിയത്.
ശനി, ഞായർ രാത്രികൾക്കിടയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച രാവിലെ ഇദ്ദേഹത്തിന്റെ പിതാവ് ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. മകനെ കാണാനെത്തിയ പിതാവ് ബെഡിൽ രകതം തളം കെട്ടി നിൽക്കുന്നത് കണ്ടതോടെ ആശുപത്രിയിലെ ഡ്യുട്ടി നഴ്‌സിനോട് വിവരം വിവരം പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാത്രിയിൽ എലികൾ ഇദ്ദേഹത്തിന്റെ വലതു കാൽ കരണ്ടു തിന്നതായി കണ്ടെത്തിയത്. സംഭത്തിൽ അലംഭാവം കാണിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ആശുപത്രി ഡോക്‌ടർ പറഞ്ഞു. എലിശല്യം ഒഴിവാക്കാൻ ആശുപത്രിയിൽ മതിയായ നടപടികൾ കൈക്കൊണ്ടിട്ടുണെന്നും ഡോക്ടർ പറഞ്ഞു.