Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജയിൽ വിഭവങ്ങൾ ഇനി ഊബർ ഈറ്റ്‌സിലും

വിരൽ ഞൊടിച്ചാൽ മതി. ജയിൽ വിഭവങ്ങൾ പറന്നെത്തും. ചപ്പാത്തിയും ചിക്കൻ കറിയും ബിരിയാണിയുമുൾപ്പെടെ ഇഷ്ട ഭക്ഷണങ്ങൾ ഇനി ഊബർ ഈറ്റ്‌സിലും ലഭിക്കും. എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുണ്ടാക്കുന്ന രുചിയേറിയ ഭക്ഷ്യ വിഭവങ്ങളാണ് ഓൺലൈനിലൂടെ നിമിഷ നേരത്തിനുള്ളിൽ പടിവാതിലിലെത്തുന്നത്. ജയിൽ വിഭവങ്ങളുടെ ഓൺ ലൈൻ വിൽപനയുടെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു.
അഞ്ച് ചപ്പാത്തി, ചിക്കൻ കറി, ചിക്കൻ ബിരിയാണി (സാലഡും അച്ചാറുമുൾപ്പെടെ), ഒരു ലിറ്റർ കുടിവെള്ളം. വില കേട്ട് ഞെട്ടരുത്. 125 രൂപ മാത്രം. ഓൺലൈൻ വിൽപനയുടെ ഭാഗമായ 'ഫ്രീഡം കോമ്പോ ലഞ്ച്' ഓഫറിന്റെ വിലയാണിത്. സ്വകാര്യ ഹോട്ടലുകളുടേത് പോലെ പിഴിഞ്ഞെടുക്കലില്ല. വയറ് നിറച്ച് രുചികരവും ഗുണമേന്മയുമുള്ള  'ഫ്രീഡം ഫുഡ്' ഫാക്ടറി വിഭവങ്ങൾക്ക് പോക്കറ്റിലൊതുങ്ങാവുന്ന വിലയേയുള്ളൂ. ജയിലിലെ ജനറൽ അടുക്കളയ്ക്ക് പുറമെ തടവുകാർ തന്നെ പാചകക്കാരായ പ്രത്യേക അടുക്കളയിലാണ് ഫ്രീഡം ഫുഡ് വിഭവങ്ങളൊരുക്കുന്നത്. 
ഊബർ ഈറ്റ്‌സിന് 17.5 ശതമാനം കമ്മീഷൻ നൽകിയാണ് ജയിൽ വിഭവങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നത്. പത്ത് ചപ്പാത്തിക്ക് 24 രൂപയും ചില്ലി ചിക്കന് 48 രൂപയുമാണ് ഓൺലൈൻ വില. ഇനം, വില ക്രമത്തിൽ: ചില്ലി ഗോബി- 24, ചിക്കൻ 65- 50, ചിക്കൻ ബിരിയാണി- 72, നെയ്‌ചോറ്-42, വെജിറ്റബിൾ കറി- 18, മുട്ടക്കറി-18, ചിക്കൻ 30 രൂപ. ജില്ലാ ജയിലിന്റെ എട്ട് കിലോമീറ്റർ പരിധിയിലാണ് ആദ്യഘട്ടത്തിൽ ഓൺ ലൈൻ വിൽപന. സീ പോർട്-എയർപോർട് റോഡിൽ ചിറ്റേത്ത്കരയ്ക്ക് സമീപത്തെ ജില്ലാ ജയിലിന് മുന്നിലെ ഭക്ഷണ കൗണ്ടറിൽ നിന്നാണ് യൂബർ ബോയ്‌സും ഭക്ഷണം വാങ്ങി ആവശ്യക്കാരിലെത്തിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയാണ് ഓൺ ലൈൻ വിൽപന. 


ജയിലിനോട് ചേർന്നുള്ള കൗണ്ടറിലും വിൽപന തകൃതിയാണ്. ഇവിടെയും വിഭവങ്ങൾക്ക് വില കുറവാണ്. പത്ത് ചപ്പാത്തിക്ക് 20 രൂപയും ചിക്കൻ ബിരിയാണിക്ക് 60 രൂപയുമാണ് വില. ചിക്കൻ 65-50, ചിക്കൻ കറി- 25, ചില്ലി ചിക്കൻ- 40, ചില്ലി ഗോപി- 20, മുട്ടക്കറി-15, നെയ്‌ചോറ്-35, വെജിറ്റബിൾ കറി- 15 രൂപ. രാവിലെ 6.30 മുതൽ രാത്രി 9.30 വരെ ഇവിടെ നിന്നും വിഭവങ്ങൾ ലഭിക്കും. ജയിലിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ഭക്ഷണശാലയുമുണ്ട്. വൈറ്റില, ഹൈക്കോടതി എന്നിവിടങ്ങളിലെത്തുമ്പോഴേക്കും വിഭവങ്ങൾ തീർന്നിരിക്കും.
30 ശതമാനം ഹോട്ടൽ വിഭവങ്ങളും ഓൺലൈനിൽ ലഭ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ജയിൽ വകുപ്പും ഇതേ മാതൃക സ്വീകരിക്കുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതുവഴി തടവുകാർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഷീല ചാരു, കൗൺസിലർമാരായ ലിജി സുരേഷ്, കെ.എ നജീബ്, ജയിൽ സൂപ്രണ്ട് കെ.വി ജഗദീശൻ, അസിസ്റ്റന്റ് സൂപ്രണ്ട് കെ.വി ബിജു, അസി. പ്രിസൺ ഓഫീസർ കെ.ആർ കിരൺ എന്നിവർ പങ്കെടുത്തു. തടവുകാർ നിർമിക്കുന്ന കരകൗശല ഉൽപന്നമായ നെറ്റിപ്പട്ടത്തിന്റെ വിൽപനയുടെ ഉദ്ഘാടനവും ഋഷിരാജ് സിംഗ് നിർവഹിച്ചു.
 

Latest News