ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ നിലവിലെ പേര് പൂർണ്ണമായും മാറ്റിയുള്ള ഒരു പരിഷ്കാരത്തിനല്ല രണ്ടിന്റെയും പാരന്റ് കമ്പനിയായ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്. നിലവിലെ പേര് നിലനിർത്തിക്കൊണ്ടു തന്നെ അതിന്റെ അവസാനത്തിൽ ഫേസ്‌ബുക്ക് എന്ന് കൂടി ചേർത്താണ് പേര് പരിഷ്‌കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം. ‘വാട്‌സ്ആപ്പ് ഫ്രം ഫെയ്‌സ്ബുക്ക്’, ‘ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ്ബുക്ക്’ എന്നിങ്ങനെയായിരിക്കും പേരുമാറ്റുക. ഇവ രണ്ടും ഫെയ്‌സ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പേരുമാറ്റം ഉണ്ടാകുമെങ്കിലും നിലവിൽ ഫോണുകളിൽ കാണുന്ന സ്‌ക്രീനുകളിൽ നിലവിലെ പേരുകൾ തന്നെയാണുണ്ടാവുക. രണ്ടും ഫേസ്‌ബുക്കിന്റെ കീഴിലാണെങ്കിലും പ്രവർത്തനങ്ങളും നിലവിലേത് പോലെ തന്നെയാണ് മുന്നോട്ടു പോകുക. രണ്ടും ഫെയ്‌സ്ബുക്കിനു കീഴിലുള്ളതാണെങ്കിലും ഓരോന്നിനും പ്രത്യേകം പ്രത്യേകം സി.ഇ.ഒമാരും പ്രത്യേകം മാനേജ്‌മെന്റും ജീവനക്കാരുമാണുള്ളത്. മുന്‍പ് സ്വതന്ത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിനെ 2012 ലും വാട്‌സ്ആപ്പിനെ 2014 ലുമാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്.