വാഷിംഗ്‌ടൺ- 24 മണിക്കൂറിനിടെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്. രാജ്യത്തെ നടുക്കിയ ടെക്‌സാസ് വെടിവെപ്പ് നടന്നു മണിക്കൂറുകൾക്കകമാണ് വീണ്ടും വെടിവെപ്പുണ്ടായത്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.16 പേർക്കു പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്നു ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ടെക്‌സാസിലെ വാൾമാർട്ട് മാളിൽ 20 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. എഫ്ബിഐ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.