ടെക്സാസ്- അമേരിക്കയിലെ ടെക്‌സാസിൽ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. ഇന്നലെയാണ് ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. സംഭവത്തിൽ നാൽപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ 21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. ഡാലസിനു സമീപമുള്ള അലെൻ സ്വദേശിയായായ പ്രതി അക്രമത്തിനു പിന്നാലെ പൊലീസിൽ കീഴടങ്ങി. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി. ഭീരുത്വത്തിന്റെ പ്രവർത്തനമാണിത്. കാടമായ പ്രവർത്തനത്തിനെതിരെ നില കൊള്ളുന്നു. നിരപരാധികളെ കൊല്ലുന്നവർക്ക് ഒരു മാപ്പുമില്ല. ട്രംപ് ട്വീറ്റ് ചെയ്തു. ടെക്‌സാസ് ഗവർണറുമായി ട്രംപ് ചർച്ച നടത്തുകയും ചെയ്തു. സ്ഥാപനത്തിന്റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. യുഎസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവെപ്പിൽ രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.