Sorry, you need to enable JavaScript to visit this website.

മാറ്റങ്ങളുടെ രാജകുമാരാ.. നന്ദി; സൗദി വനിതയുടെ ചിത്രം വൈറലായി

ജിദ്ദ- സൗദി അറേബ്യയിലെ അവിശ്വസനീയ മാറ്റങ്ങളുടെ ശില്‍പി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഛായാചിത്രം ആശ്ലേഷിക്കുന്ന സൗദി യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വനിതകളുടെ ശാക്തീകരണത്തിനായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച രാജകല്‍പന സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സൗദി ജനതയും അന്താരാഷ്ട്ര സമൂഹവും സ്വാഗതം ചെയ്യുന്നതിനിടയിലാണ് മാറ്റങ്ങളുടെ സുല്‍ത്താനോട് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടുളള ഈ ചിത്രം വൈറലായത്. ട്വിറ്ററില്‍ വൈറലായ  ഈ ചിത്രം പത്രങ്ങളിലും സ്ഥാനം പിടിച്ചു. തായിഫ് സ്വദേശിനിയും എജുക്കേഷന്‍ ടെക്‌നോളജി റിസോഴ്‌സസ് സ്‌പെഷലിസ്റ്റുമായ 30 കാരി മുനീറ അബ്ദുല്ലയാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്.
 
ജീവിതത്തില്‍ ആദ്യമായി തിയേറ്ററില്‍ പോയി സിനിമ കണ്ട ശേഷം പുറത്തിറങ്ങിയ മുനീറ റിയാദിലെ അല്‍ ഖസ്ര്‍ മാളില്‍നിന്ന് മടങ്ങും വഴി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ  മനോഹരമായ ഛായാചിത്രം കണ്ടതും മറ്റൊന്നും ആലോചിച്ചില്ല. അടുത്തേക്ക് ചെന്ന് ഛായാചിത്രത്തെ ആശ്ലേഷിച്ചു. ഇതു കണ്ട സഹോദരി മൊബൈലില്‍ പകര്‍ത്തി. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് മുനീറ പറയുന്നു.
ഞങ്ങളുടെ എല്ലാവരുടേയും വികരം മുനീറ പ്രകടിപ്പിച്ചുവെന്നാണ് ചിത്രത്തിനു ലൈക്കും ഷെയറും നല്‍കുന്ന മറ്റു വനിതകളുടെ പ്രതികരണം.

സൗദി വനിതകളുടെ വിദേശ യാത്രക്കും പാസ്‌പോര്‍ട്ട് അപേക്ഷക്കും പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി വേണമെന്ന നിബന്ധനയാണ് രാജാവ് എടുത്തുകളഞ്ഞത്. ധാരാളം വിദ്യാര്‍ഥിനികളും യുവതികളും ഈയൊരു നിബന്ധന കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.

 

 

Latest News