Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വനിതാ ശാക്തീകരണം: ഇവയാണ് സുപ്രധാന തീരുമാനങ്ങള്‍

റിയാദ് - വനിതാ ശാക്തീകരണ മേഖലയില്‍ വലിയ കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന സുപ്രധാന നിയമ ഭേദഗതികള്‍ക്കാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയിരിക്കന്നത്.  
സൗദി വനിതകളുടെ വിദേശ യാത്രക്കും വനിതകള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതുവരെ സൗദി വനിതകളുടെ വിദേശ യാത്രക്ക് രക്ഷകര്‍ത്താവിന്റെ സമ്മതപത്രം ആവശ്യമായിരുന്നു. ഇനി മുതല്‍ രക്ഷകര്‍ത്താവിന്റെ സമ്മതപത്രമില്ലാതെ വനിതകള്‍ക്ക് വിദേശ യാത്രകള്‍ നടത്തുന്നതിന് കഴിയും. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ പാസ്‌പോര്‍ട്ട് നിയമത്തിലും സിവില്‍ അഫയേഴ്‌സ് നിയമത്തിലും വരുത്തിയിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/08/02/crownprince.png
സൗദി വനിതകള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് രക്ഷകര്‍ത്താക്കളുടെ സമ്മതം വേണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. സൗദി പൗരത്വമുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് പാസ്‌പോര്‍ട്ട് നിയമത്തില്‍ വരുത്തിയ ഭേദഗതി അനുശാസിക്കുന്നു. പുതിയ ഭേദഗതി പ്രകാരം ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് യാത്രാ സ്വാതന്ത്ര്യത്തിന് തുല്യാവകാശം ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ടിനും വിദേശ യാത്രക്കും രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമുള്ളത്.
സിവില്‍ അഫയേഴ്‌സ് നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം പുരുഷന്മാരെ പോലെ  വനിതകള്‍ക്കും തങ്ങള്‍ക്ക് കുട്ടികള്‍ പിറന്ന കാര്യം സിവില്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇതുവരെ കുട്ടികളുടെ പിതാക്കന്മാരാണ് കുട്ടികള്‍ പിറന്ന കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടിയിരുന്നത്. കൂടാതെ കുട്ടികള്‍ പിറന്ന കാര്യം സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിക്കുന്നതിന് 18 വയസ് തികഞ്ഞ സ്ത്രീപുരുഷന്മാരായ അടുത്ത ബന്ധുക്കളെയും പുതിയ ഭേദഗതി അനുവദിക്കുന്നു. ഇതുവരെ 18 വയസ് തികഞ്ഞ പുരുഷന്മാരായ അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് ഇതിന് അനുമതിയുണ്ടായിരുന്നത്.
സിവില്‍ അഫയേഴ്‌സ് നിയമത്തിലെ 53-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനും വനിതകള്‍ക്ക് ഇനി മുതല്‍ അനുമതിയുണ്ടാകും. പതിനെട്ടു പൂര്‍ത്തിയായ ഏതൊരാള്‍ക്കും തങ്ങളുടെ ബന്ധുക്കളുടെ മരണ വിവരം സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുന്നതിന് അനുമതിയുണ്ടെന്ന് ഭേദഗതി വ്യക്തമാക്കുന്നു. വിവാഹം, വിവാഹമോചനം, തിരിച്ചെടുക്കല്‍, ഖുല്‍അ് (ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കി ഭാര്യ നടത്തുന്ന വിവാഹ മോചനം) എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഭാര്യമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ ഭര്‍ത്താക്കന്മാര്‍ക്കു മാത്രമാണ് വിവാഹവും വിവാഹ മോചനവും സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവകാശമുണ്ടായിരുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പിതാക്കന്മാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഇതേപോലെ വിവാഹവും വിവാഹ മോചനവും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫാമിലി രജിസ്റ്റര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് വനിതകള്‍ക്കും അവകാശമുള്ളതായി പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ഫാമിലി രജിസ്റ്ററിന് അപേക്ഷ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം ഭര്‍ത്താവിനാണ്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം ഭര്‍ത്താവ് ഫാമിലി രജിസ്റ്ററിന് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം ഭാര്യക്ക് ഫാമിലി രജിസ്റ്റര്‍ തേടി അപേക്ഷ നല്‍കാവുന്നതാണ്. സിവില്‍ അഫയേഴ്‌സ് നിയമത്തിന്റെ 91-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കുടുംബനാഥനായി മാതാവിനെയും പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് സിവില്‍ അഫയേഴ്‌സ് നിയമം നടപ്പാക്കുന്ന കാര്യത്തിലുള്ള കുടുംബനാഥന്‍ പിതാവോ മാതാവോ ആയിരിക്കുമെന്ന് ഭേദഗതി വ്യക്തമാക്കുന്നു. സൗദി പൗരത്വമില്ലാത്തവര്‍ക്ക് വിദേശ യാത്രക്ക് സൗദി പാസ്‌പോര്‍ട്ടും താല്‍ക്കാലിക പാസ്‌പോര്‍ട്ടും അനുവദിക്കുന്നതിന് പുതിയ ഭേദഗതി ആഭ്യന്തര മന്ത്രിക്ക് അധികാരം നല്‍കിയിട്ടുണ്ട്.
തൊഴിലിനിടെയും ജോലിയില്‍ നിയമിക്കുന്നതിനിടെയും തൊഴില്‍ പരസ്യം ചെയ്യുമ്പോഴും സ്ത്രീപുരുഷന്മാരെ തുല്യരായി പരിഗണിക്കുന്ന നിലക്ക് തൊഴില്‍ നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ലിംഗത്തിന്റെയോ വൈകല്യത്തിന്റെയോ പ്രായത്തിന്റെയോ മറ്റോ പേരില്‍ തൊഴിലാളികള്‍ക്കിടയില്‍ വിവേചനം അനുവദിക്കില്ലെന്ന് ഭേദഗതി വ്യക്തമാക്കുന്നു. പ്രസവാവധി കാലത്ത് വനിതാ ജീവനക്കാരെ പിരിച്ചുവിടുന്നതും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നതും നിയമം വിലക്കുന്നു. ഗര്‍ഭവും പ്രസവവും മൂലം രോഗികളാകുന്ന സാഹചര്യങ്ങളിലും വനിതാ ജീവനക്കാരെ പിരിച്ചുവിടുന്നതും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നതും പുതിയ ഭേദഗതി വിലക്കുന്നുണ്ട്. ഇതിന് രോഗം സ്ഥിരീകരിക്കുന്ന അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വനിതാ തൊഴിലാളികള്‍ ഹാജരാക്കണം. കൂടാതെ ഒരു വര്‍ഷത്തെ ആകെ ലീവ് 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
പുരുഷ തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 60 ഉം വനിതാ തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 55 ഉം ആയി നിശ്ചയിച്ചതും റദ്ദാക്കിയിട്ടുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും പെന്‍ഷന്‍ പ്രായം കണക്കാക്കുകയെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു.

 

Latest News