ന്യൂദല്‍ഹി- ഹിന്ദുത്വ വാദികള്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം ഫലം കണ്ടില്ലെന്ന് സൂചന. റിട്ട. ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് സുപീം കോടതിയെ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അന്തിമ വാദം കേള്‍ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനുണ്ടാകുമെന്ന് കരുതുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട സമിതിയാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം മധ്യസ്ഥ ശ്രമം നടത്തിയത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മധ്യസ്ഥശ്രമം നടത്താനുള്ള സൗകര്യം ഒരുക്കാനും മാര്‍ച്ച് എട്ടിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ച സമയവും അനുവദിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 15 വരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി സമയം അനുവദിച്ചത്.
ജൂലൈ 18ന് അതുവരെയുള്ള മധ്യസ്ഥ ചര്‍ച്ചകയളുടെ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് ഓഗസ്റ്റ് രണ്ടിന് തീരുമാനിക്കാമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകളുടെ ഫലം എന്താണെന്നും തുടര്‍ നടപടികളെക്കുറിച്ചും ഓഗസ്റ്റ് ഒന്നിന് അറിയിക്കാനും ഭരണഘടനാ ബെഞ്ച് മൂന്നംഗ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ കേസുകള്‍ വാദത്തിനെടുക്കണമെന്ന് ഹരജിക്കാരിലൊരാളായ ഗോപാല്‍ സിങ് വിശാരദ് ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.