Sorry, you need to enable JavaScript to visit this website.

ഗ്വാണ്ടനാമോ തടവുകാരന് കനേഡിയന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും

ഒട്ടാവ- പതിനഞ്ചാം വയസ്സില്‍ പിടികൂടി 10 വര്‍ഷം കുപ്രസിദ്ധ ഗ്വാണ്ടനാമോ ബേ തടവറയിലടച്ച ഉമര്‍ ഖാദറിനോട് കനഡ സര്‍ക്കാര്‍ മാപ്പ് ചോദിക്കും. ഒരു കോടി കനേഡിയന്‍ ഡോളര്‍ (77 ലക്ഷം യു.എസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കും.
2002 ലാണ് കനേഡിയന്‍ പൗരനായ ഉമര്‍ അഫ്ഗാനിസ്ഥാനില്‍ പിടിയിലായത്.  വെടിവെപ്പില്‍  അമേരിക്കന്‍ പട്ടാളക്കാരനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ക്യൂബയിലെ പട്ടാള തടവറയില്‍ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനായി ഉമറിനെ പാര്‍പ്പിച്ചത്. അവിടെ ക്രൂര പീഡനങ്ങള്‍ക്കിരയായ ബാലന്റെ കേസില്‍ പൗരാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് 2010 ല്‍ കനേഡിയന്‍ സുപ്രീം കോടതി വിധിച്ചു. ബാലനെ ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സ് ഏജന്റുമാരെ അയച്ചതും വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയതുമാണ് കോടതി മനുഷ്യാവകാശ ലഘനമായി കണ്ടെത്തിയത്.
ബാക്കി ശിക്ഷ അനുഭവിക്കാന്‍ 2012 ല്‍ കനഡയില്‍ തരിച്ചെത്തിച്ച ഉമറിന് 2015 ല്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അല്‍ബര്‍ട്ട് എഡ്‌മോണ്‍ടണിലാണ് താമസം.
കനേഡിയന്‍ സര്‍ക്കാരും ഉമറിന്റെ അഭിഭാഷകരും തമ്മിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയത്.
കനഡയിലെ പുതിയ കോടീശ്വരനെ കാണൂ എന്ന് പരിഹസിച്ചു കൊണ്ട് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ട്.
മനഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 20 ദശലക്ഷം കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമര്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.
അല്‍ഖാഇദ അംഗമായിരുന്ന പിതാവാണ് ഉമറിനെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയത്. ഒരു സംഘം ബോംബ് നിര്‍മാതാക്കള്‍ക്ക് കീഴില്‍ പരിശീലനത്തിന് ഏല്‍പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. 20013 ല്‍ പിതാവ് പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ടു.

 

Latest News