ന്യൂദൽഹി- ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ച് ബ്രിട്ടൻ പിടികൂടിയ ഇറാൻ എണ്ണക്കപ്പലായ ഗ്രെയ്‌സ് 1 ലെ ഇന്ത്യൻ കപ്പൽ ജീവനക്കാരെ ഉടൻ വിട്ടയക്കുന്ന കാര്യത്തിൽ ജിബ്രാൾട്ടർ അധികൃതർ തീരുമാനം കൈക്കൊള്ളുമെന്ന് ബ്രിട്ടൻ അറിയിച്ചു. എന്നാൽ, എപ്പോഴാണ് ഇവരെ വിട്ടയക്കുന്നതെന്നോ കൂടുതൽ നടപടികൾ എന്താണെന്നോ വ്യക്തതയില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. ഇക്കഴിഞ്ഞ നാലിനാണ് ജിബ്രാൾട്ടർ സേനയും ബ്രിട്ടീഷ് നേവിയും സംയുക്തമായി കപ്പൽ തടഞ്ഞത്. യൂറോപ്യൻ യൂണിയൻ നിരോധനം നില നിൽക്കെ സിറിയയിലെക്ക് എണ്ണയുമായി പോകുകയായിരുന്നു കപ്പലെന്നാണ് വിവരം. പിന്നീടാണ് ഇത് ഇറാനിൽ നിന്നും കടത്തുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. 330 മീറ്റർ നീളമുള്ള എണ്ണടാങ്കറിൽ രണ്ടു മില്യൺ ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ളതാണ്.