ന്യൂദൽഹി- ഉപരോധം നില നിൽക്കെ ഇറാനിൽ നിന്നും സിറിയയിലേക്ക് എണ്ണക്കടത്തുന്നതിടെ ജിബ്രാൾട്ടർ പോലീസ് പിടികൂടിയ ഇറാൻ എണ്ണക്കപ്പലിലും മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി അജ്മൽ (27) ആണ് ഇവരിൽ ഒരാൾ. ഗുരുവായൂർ, കാസർകോട് സ്വദേശികളാണ് മറ്റു രണ്ടുപേരുമെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറത്തെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട അജ്‌മൽ എല്ലാവരും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്. സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽ നിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, ജിബ്രാൾട്ടർ നേവിയുടെ സഹായത്തോടെ ബ്രിട്ടൻ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം
മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.
ഇക്കഴിഞ്ഞ നാലിനാണ് ജിബ്രാൾട്ടർ സേനയും ബ്രിട്ടീഷ് നേവിയും സംയുക്തമായി കപ്പൽ തടഞ്ഞത്. യൂറോപ്യൻ യൂണിയൻ നിരോധനം നില നിൽക്കെ സിറിയയിലെക്ക് എണ്ണയുമായി പോകുകയായിരുന്നു കപ്പലെന്നാണ് വിവരം. പിന്നീടാണ് ഇത് ഇറാനിൽ നിന്നും കടത്തുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. 330 മീറ്റർ നീളമുള്ള എണ്ണടാങ്കറിൽ രണ്ടു മില്യൺ ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ളതാണ്. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ഇറാൻ കപ്പൽ തടഞ്ഞത് നിയമ ലംഘനമാണെന്നും സിറിയയിലേക്കുള്ള യാത്രയിലായിരുന്നില്ല എന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ മറുപടിയെന്നോണം ബ്രിട്ടീഷ് കപ്പൽ ഇപ്പോൾ ഇറാൻ കസ്‌റ്റഡിയിലാണ്. നിലവിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടൻ എണ്ണക്കപ്പലിലും ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലും മലയാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.