Sorry, you need to enable JavaScript to visit this website.

കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു- കാണാതായ കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ  വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി.


ബുധനാഴ്ച രാവിലെ ആറു മണിയോടെ മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മംഗളൂരുവിനും ഉള്ളാളിനുമിടയില്‍ നേത്രാവതി പുഴയ്ക്കു മുകളിലെ പാലത്തില്‍ വെച്ചാണ് സിദ്ധാര്‍ഥയെ കാണാതായിരുന്നത്.   


ബംഗളൂരുവില്‍നിന്നു സകലേഷ്പുരയിലേക്ക് പുറപ്പെട്ടെങ്കിലും പിന്നീട്  മംഗളൂരുവിലെക്ക് തിരിച്ചുവെന്നും ഉള്ളാള്‍ പാലത്തിലെത്തിയപ്പോള്‍ സിദ്ധാര്‍ഥ കാറില്‍നിന്നിറങ്ങിയെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. പാലത്തില്‍നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്ന് മത്സ്യത്തൊഴിലാളിയും വിവരം നല്‍കിയിരുന്നു.

ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടു കാറില്‍നിന്നിറങ്ങിയ അദ്ദേഹം 800 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവര്‍ പറയുന്നു. കാര്‍ മുന്നോട്ടെടുത്ത് നിര്‍ത്താനാണ് സിദ്ധാര്‍ഥ ആവശ്യപ്പെട്ടിരുന്നത്. നടന്നു വരാമെന്ന് പറയുകയും ചെയ്തിരുന്നു.  ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞപ്പോള്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നിറങ്ങി പരിശോധിച്ചു. കാണാതെ വന്നപ്പോള്‍ കുടുംബത്തെയും പോലീസിനെയും അറിയിക്കുകയായിരുന്നു. നേത്രാവതി പുഴയില്‍  തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഠിന പരിശ്രമം നടത്തിയിട്ടും ബിസിനസില്‍ പരാജയപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം കഫേ ജീവനക്കാര്‍ക്ക് എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ഇതിലെ ഒപ്പ് സിദ്ധാര്‍ഥയുടേതല്ലെന്ന് ആദായ നികുതി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറലില്‍നിന്ന് തനിക്ക് മാനസിക പീഡനമേറ്റിരുന്നുവെന്ന് സിദ്ധാര്‍ഥ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

 

 

Latest News