മുംബൈ- ബിഹാര്‍ യുവതി നല്‍കിയ പരാതിയില്‍ ഡി.എന്‍.എ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. മുംബൈ ബൈക്കുള ജെ.ജെ ആശുപത്രിയിലാണ് രക്തം നല്‍കിയത്. ഡി.എന്‍.എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു.
ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് ബിനോയ് പ്രതികരിച്ചു.
ഓഷിവാര പോലീസ് സ്റ്റേഷനു സമീപത്തെ ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. കൂപ്പര്‍ ആശുപത്രിയില്‍ ചില അസൗകര്യങ്ങളുണ്ടെന്ന് പോലീസ് അറിയിക്കുകയും തുടര്‍ന്ന് ബിനോയ് ബൈക്കുളയിലെ ആശുപത്രിയിലെത്തി രക്തസാമ്പിളുകള്‍ കൈമാറുകയുമായിരുന്നു. ഓഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബിനോയിയോടൊപ്പം ഒപ്പമുണ്ടായിരുന്നു. പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും ഇനി പരിശോധനയ്ക്കായി ശേഖരിക്കും. രക്തസാമ്പിളുകളുടെ ഫലം വന്നതിനു ശേഷമാകും പരാതിക്കാരി നല്‍കിയ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ബിനോയുടെ ഹരജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്നും കുട്ടി ബിനോയിയുടേതാണെന്നുമാണ് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയിലുള്ളത്.